ഭുവനേശ്വര്‍: ആദിവാസി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഉറപ്പാക്കി ഒഡീഷ സര്‍ക്കാര്‍. 4000 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂള്‍ ഇന്‍ എ വാന്‍ പദ്ധതിയിലൂടെ പഠന സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കിയിരിക്കുന്നത്. വാന്‍ ക്ലാസ് മുറിയാക്കി മാറ്റിക്കൊണ്ടാണ് കുട്ടികളിലേയ്ക്ക് എത്തുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം അപ്രാപ്യമായ ഇടങ്ങളിലേക്ക് ഈ സൗകര്യം ലഭ്യമാകുന്നത്.
ലോക്ഡൗണിനെ തുടര്‍ന്ന് സ്കൂളുകള്‍ വെര്‍ച്വല്‍ പഠനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നു. എന്നാല്‍ ഇതിനാവശ്യമായ ഇന്റര്‍നെറ്റോ സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങളോ ഇല്ലാത്ത കുട്ടികള്‍ അനവധിയായിരുന്നു. തുടര്‍ന്ന്, ആദിവാസി മേഖലകളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം തടസപ്പെടുകയായിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ സ്കൂള്‍ ഇന്‍ എ വാന്‍ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
നൂതന സമീപനത്തിലൂടെ അധസ്ഥിതരായ ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കും പഠനത്തില്‍ ഭാഗഭാക്കാക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിസെഫിന്റെയും സംയുക്ത സഹകരണത്തോടെയാണ് സ്കൂള്‍ ഓണ്‍ വീല്‍ എന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇത് ആദിവാസി മേഖലകളിലെ 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ ഏകദേശം 40,000 വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുഭവം പ്രദാനം ചെയ്യും. കിയോഞ്ചര്‍, ജജ്പൂര്‍, മയൂര്‍ഭഞ്ച്, അങ്കുള്‍, ഗജപതി, റായഗഡ, കലഹണ്ടി, മാല്‍ക്കങ്കിരി, കന്ധാമല്‍, ഗഞ്ചം എന്നീ ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
കുട്ടികളുടെ പഠനോപകരണങ്ങളായ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങളാണ് വാനില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1ാം ക്ലാസ് മുതല്‍ 5ാം ക്ലാസ് വരെയുള്ള കുട്ടികളുടെ പുസ്തകങ്ങള്‍, സയന്‍സ് കിറ്റുകള്‍, സ്പോര്‍ട്ട്സ് കിറ്റ്, ശുചിത്വ വിദ്യാഭ്യാസ കിറ്റുകള്‍ എന്നിവയാണ് ഈ മൊബൈല്‍ സ്കൂളുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Discussion about this post