വാഷിങ്ടൺ: സോഷ്യൽമീഡിയയായ ഫേസ്ബുക്കും വാട്‌സാപ്പും ഇൻസ്റ്റഗ്രാമും മെസൻജറും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ്. ഇവയുടെ പ്രവർത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കർബർഗിന്റെ ക്ഷമാപണം. തടസമുണ്ടായതിൽ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലർത്താൻ ഞങ്ങളുടെ സേവനങ്ങളെ നിങ്ങൾ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഉപയോക്താക്കൾ കാണിച്ച ക്ഷമയ്ക്ക് നന്ദി പറയുന്നുവെന്നും അവർ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻസമയം 9.15 മുതലാണ് ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നത്. തുടർന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റർ ഹാൻഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീർക്കാൻ ശ്രമം നടക്കുന്നതായും അറിയിച്ചു.
അതേസമയം, മണിക്കൂറുകൾ നിശ്ചലമായതോടെ വാട്‌സ്ആപ്പ് ഉപയോഗിക്കാൻ കഴിയാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്‌സ്ആപ്പും ട്വീറ്റ് ചെയ്തിരുന്നു. പുതിയ സന്ദേശങ്ങൾ സ്വീകരിക്കുന്നതിലും സന്ദേശങ്ങൾ പുറത്തേക്ക് അയയ്ക്കുന്നതിലും തടസ്സമുണ്ടായി. ഫേസ്ബുക്ക് രാത്രി വൈകി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ‘സോറി സംതിങ് വെന്റ് റോങ്’ എന്ന സന്ദേശമാണ് എഴുതിക്കാണിച്ചിരുന്നത്. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവർത്തനം മുടങ്ങുന്നത്. അതിനിടെ, തകരാർ കൂടുതൽ മേഖലകളിലേക്ക് ബാധിച്ചു. ഗൂഗിളും ആമസോണും അടക്കമുള്ളവയെ ബാധിച്ചെന്നാണ് റിപ്പോർട്ട്.
അർധരാത്രിയോടെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം 5.5ലേറെ ഇടിയുകയും ചെയ്തു. ഇന്ത്യയുൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ സർവീസ് മുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകൾ വെളിപ്പെടുത്തി വിസിൽ ബ്ലോവർ പദവിയിൽ മുമ്പ് ജോലിചെയ്തിരുന്ന ഫ്രാൻസെസ് ഹോജൻ അമേരിക്കൻ ചാനലായ സിബിഎസിന് അഭിമുഖം നൽകി മണിക്കൂറുകൾക്കകമാണ് ഈ സർവീസ് തടസ്സപ്പെടൽ.
Discussion about this post