ചെന്നൈ: പോലീസ് സ്റ്റേഷനു പിന്നാലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലും മിന്നല്‍ പരിശോധന നടത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അദ്ദേഹത്തിന്റെ മിന്നല്‍ പരിശോധന തുടരുകയാണ്. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര നടത്തുന്നതിനിടെയാണ് മിന്നല്‍ പരിശോധനകള്‍ നടത്തുന്നത്.
ധര്‍മപുരി ജില്ലയിലെ പെണ്ണഗരത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാരിന്റെ തന്നെ ആദിദ്രാവിഡാര്‍ ക്ഷേമ വിദ്യാര്‍ഥി ഹോസ്റ്റലിലാണ് ഇത്തവണ മുഖ്യമന്ത്രി എത്തിയത്. ഹോസ്റ്റല്‍ സൗകര്യങ്ങളും ഭക്ഷണവും എല്ലാം വിദ്യാര്‍ഥികളോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഹോസ്റ്റല്‍ മുറികളിലെ സൗകര്യങ്ങള്‍, ശുചിമുറി, അടുക്കള, ഭക്ഷണമുറി എന്നിങ്ങനെ എല്ലായിടത്തും സ്റ്റാലിന് കയറി നോക്കി വിലയിരുത്തി.
ശേഷം, വിദ്യാര്‍ഥികളുമായി സംസാരിച്ച് അവരുടെ ആവശ്യം കൂടി അറിഞ്ഞശേഷമായിരുന്നു അദ്ദേഹത്തിന്റെ മടക്കം. നേരത്തെ, ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പോലീസ് സ്റ്റേഷനിലേക്കാണ് ഒരു മുന്നറിയിപ്പും കൂടാതെ മുഖ്യമന്ത്രി എത്തിയത്. ധര്‍മപുരിയില്‍ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു ഈ മിന്നല്‍ സന്ദര്‍ശനം. മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുമെന്നല്ലാതെ സ്റ്റേഷനില്‍ നേരിട്ടെത്തുമെന്ന് ഒരു ധാരണയും പോലീസുകാര്‍ക്ക് ഇല്ലായിരുന്നു.
പൊതുജനങ്ങളോടുള്ള പോലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ ഈ വരവ്. സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകള്‍ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു.
Discussion about this post