പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ വനിത താരമായി മാറി ചരിത്രം സൃഷ്ടിച്ച ഷൂട്ടിങ്ങ് താരം അവനി ലേഖ്റയ്ക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡോടെയാണ് അവനി സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഇത് രാജ്യത്തിന്റെ അഭിമാന നേട്ടം കൂടിയാണ്. ഈ സന്തോഷവേളയിലാണ് ആനന്ദ് മഹീന്ദ്ര കിടിലന്‍ സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
അവനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്ത എസ്.യു.വിയായിരിക്കും സമ്മാനമായി നല്‍കുകയെന്ന് അദ്ദേഹം അറിയിച്ചു. വൈകല്യമുള്ള ആളുകള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഈ വാഹനം ഡിസൈന്‍ ചെയ്യുക. മഹീന്ദ്ര ആദ്യമായാണ് ഇത്തരത്തിലുള്ള പ്രത്യേക വാഹനം ഒരുക്കുന്നതെന്നും അത് അവനിക്കാണെന്നുമാണ് റിപ്പോര്‍ട്ട്.
പാരാലിമ്പിക്സ് ഷോട്ട്പുട്ട് താരം ദീപ മാലിക് വികലാംഗര്‍ക്കായി പ്രത്യേക സംവിധാനങ്ങളുള്ള ഒരു വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതുപോലെ ഒരു വാഹനം നിര്‍മിക്കാന്‍ ഇന്ത്യയിലെ കമ്പനികളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ദീപയുടെ ഈ നിര്‍ദേശം മഹീന്ദ്ര ഏറ്റെടുത്തിട്ടുണ്ടെന്നും ഇത്തരം സംവിധാനങ്ങളുമായി നിര്‍മിക്കുന്ന ആദ്യ വാഹനം അവനി ലേഖ്റയ്ക്ക് നല്‍കുമെന്നും ആനന്ദ് മഹീന്ദ്ര അറിയിച്ചു.
ജയ്പൂര്‍ സ്വദേശിയാണ് 19-കാരിയായ അവനി ലേഖ്റ. 2012-ല്‍ ഉണ്ടായ വാഹനാപകടത്തിലാണ് സ്പൈനല്‍ കോഡിന് പരിക്കേറ്റത്. പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരവും ആദ്യ വനിതയുമാണ് അവനി.
Discussion about this post