ചെന്നൈ: പ്രശസ്ത നടി ചിത്ര (56) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് താരം വിടവാങ്ങിയത്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെന്നൈ സാലിഗ്രാമിൽ നടക്കും.
മലയാളം ഉൾപ്പടെയുള്ള നിരവധി ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2001ല്‍ പുറത്തിറങ്ങിയ സൂത്രധാരന്‍ എന്ന സിനിമയിലാണ് ചിത്ര ഒടുവിലായി അഭിനയിച്ചത്. തമിഴ് സീരിയലുകളിൽ സജീവമായിരുന്നു.
1965 ഫെബ്രുവരി 25ന് കൊച്ചിയിലാണ് ചിത്ര ജനിച്ചത്. ‘രാജപർവൈ’ ആണ് ആദ്യ സിനിമ. ആട്ടക്കലാശത്തിലൂടെ മലയാളത്തിലെ ആദ്യ ഹിറ്റ് ചിത്രം. അമരം, ഒരു വടക്കൻ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യൻ തുടങ്ങിയവയാണ് മലയാളത്തില്‍ അഭിനയിച്ച പ്രധാന സിനിമകൾ.
നായികാ കഥാപാത്രമായും നായികയ്ക്ക് തുല്യമായ സഹതാരമായും നിരവധി സിനിമകളിൽ തിളങ്ങി. വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിത്ര വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ സംഭവിച്ച 22 വർഷത്തെ ഇടവേളയെ കുറിച്ച് താരം തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു.
ബിസിനസ്സുകാരനായ വിജയരാഘവന് ആണ് ചിത്രയുടെ ഭര്‍ത്താവ്. മകൾ: മഹാലക്ഷ്മി.
Discussion about this post