പാറ്റ്ന: ലോക്ജനശക്തി പാര്‍ട്ടി (എല്‍ജെപി) എന്‍ഡിഎ വിടുമെന്ന ആഭ്യൂഹം ശക്തമാകുന്നതിനു പിന്നാലെ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാനും മകന് ചിരാഗ് പസ്വാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ അമിത് ഷായുടെ വസതിയിലെത്തിയായിരുന്നു എല്‍ജെപി നേതാക്കളുടെ കൂടിക്കാഴ്ച.
ലോക്സഭാ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളിലെ സീറ്റുകള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ബിഹാറില്‍ കാര്യങ്ങളൊന്നും ശരിയായില്ലെന്നും ഇത് സഖ്യത്തെ ബാധിച്ചേക്കുമെന്നും പാസ്വാന് അടുത്തിടെ പറഞ്ഞിരുന്നു. സീറ്റ് വിഭജന പ്രശ്നം ഉചിതമായ സമയത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്‍ന്നേക്കാമെന്ന് ചിരാഗും പറഞ്ഞിരുന്നു. ബിജെപി നേതാക്കളുമായി പല തവണ ചര്‍ച്ച ചെയ്തു.
എന്നാല്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഇത് ഉചിതമായ സമയത്തിനുള്ളില്‍ പരിഹരിക്കാനായില്ലെങ്കില്‍ സഖ്യം തകര്ന്നേക്കാമെന്നായിരുന്നു ചിരാഗിന്റെ പ്രസ്താവന. ഇതാണ് രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടിക്കു (ആര്‍എല്‍എസ്പി) പിന്നാലെ എല്‍ജെപിയും എന്‍ഡിഎ വിടുമെന്ന അഭ്യൂഹം ശക്തമാകാന്‍ കാരണമായത്. എന്നാല്‍ ബിജെപിയുമായി തര്‍ക്കങ്ങളൊന്നുമില്ലെന്ന് ചര്‍ച്ചകള്‍ക്കു ശേഷം പസ്വാന് നിലപാട് മാറ്റി.
എന്താണോ തങ്ങളുടെ തീരുമാനം അത് ചിരാഗും അംഗീകരിക്കുമെന്ന് പസ്വാന് പറഞ്ഞു. ഉപേന്ദ്ര കുശ്വ മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ആര്‍എല്‍എസ്പി മുന്നണി വിടുകയും ചെയ്തതോടെ ബിഹാറിലെ എന്‍ഡിഎ സഖ്യം കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതിനു പിന്നാലെയാണ് പസ്വാനും മകനും ബിജെപിയില്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്. 2014ല്‍ എല്‍ജെപിയെ എന്‍ഡിഎയില്‍ എത്തിക്കുന്നതില്‍ ചിരാഗിന് നിര്‍ണായക പങ്കുണ്ട്. പാസ്വാനും മകനുമടക്കം ആറ് എംപിമാരാണ് എല്‍ജെപിക്ക് നിലവില്‍ ലോക്സഭയിലുള്ളത്.
Discussion about this post