ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. നിലവിലെ സാഹചര്യത്തില്‍ 400 സീറ്റില്‍ കുറയാതെ പാര്‍ട്ടി നേടുമെന്നാണ് അഖിലേഷ് പറഞ്ഞത്.
‘എസ്പി 350 സീറ്റില്‍ വിജയിക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. പക്ഷേ ജനരോഷം കാണുമ്പോള്‍ തോന്നുന്നത് ഞങ്ങള്‍ 400 സീറ്റില്‍ വിജയിക്കുമെന്നാണ്’- കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിച്ചില്ല. ഓക്സിജനും മരുന്നും എത്തിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു.
ഇന്ധന വിലവര്‍ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്. നിലവില്‍ സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടി മത്സരിക്കാന്‍ സ്ഥാനാര്‍ഥികളില്ലെന്നും ആരും ബിജെപി ടിക്കറ്റ് ചോദിക്കുന്നതുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
2017 ലെ തെരഞ്ഞെടുപ്പ് പത്രിക ബിജെപി വായിച്ചിട്ടുപോലുമില്ലെന്നും പകരം മണി ഫെസ്റ്റോയിലാണ് ബിജെപി ശ്രദ്ധിച്ചതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. 403 അംഗ നിയമസഭയാണ് യുപിയിലുള്ളത്.
കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, കസ്റ്റഡി മരണങ്ങള്, ഗംഗാ നദിയിലേക്ക് മൃതദേഹം വലിച്ചെറിയല്‍ എന്നിവയുടെ കാര്യത്തില്‍ യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഒന്നാമതെത്തിച്ചെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
നിലവില്‍ ബിജെപിക്ക് ഏറെ ആശങ്കയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് യുപി. ബിജെപിയുടെ ശക്തീകേന്ദ്രമായിരുന്നു യു.പിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ യോഗി ആദിത്യനാഥിനെ മുന്നില്‍നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയിക്കാനാകുമോ എന്ന സംശയം ബിജെപിക്കുണ്ട്.
Discussion about this post