ഗുവാഹത്തി: ആസാം-മിസോറാം അതിർത്തിയിൽ ഉണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചതോടെ ജീവൻ നഷ്ടപ്പെട്ടത് ആറ് പോലീസുകാർക്ക്. നിർഭാഗ്യ സംഭവങ്ങൾക്കു ശേഷം മിസോറാം പോലീസുകാർ ആഘോഷിക്കുന്ന രംഗം പുറത്തുവന്നതോടെ നടുക്കം രേഖപ്പെടുത്തി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ആസാം പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം മിസോറാം സംഘം ആഘോഷിക്കുന്ന വിഡിയോ പുറത്തെത്തിയിരുന്നു. ആറ് ആസാം പൊലീസുകാരെ കൊലപ്പെടുത്തുകയും നിരവധി പേരെ പരിക്കേൽപിക്കുകയും ചെയ്ത ശേഷം എങ്ങനെയാണ് ഗുണ്ടകൾക്കൊപ്പം ചേർന്ന് ആഘോഷിക്കുകയെന്ന് ഹിമന്ത ചോദിച്ചു.
അതേസമയം, വിഷയത്തിൽ ഇരു മുഖ്യമന്ത്രിമാരും തമ്മിൽ വാക്‌പോര് ശക്തമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടു. അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇരുവിഭാഗവും ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ആക്രമണത്തിന് മിസോറാം പോലീസുകാർ ലൈറ്റ് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചതിന് തെളിവുണ്ടെന്നും ഇത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന അതിർത്തിയായ ലൈലാപൂരിൽ മിസോറാം പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് പോലീസുകാർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിആർപിഎഫ് സാന്നിധ്യമാണ് കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത്. അതേ സമയം, രാജ്യത്തിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇരു സംസ്ഥാനങ്ങളിലെ പോലീസുകാർ പരസ്പരം വെടിവെച്ച് നിരവധി പേർ കൊല്ലപ്പെടുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
Discussion about this post