ന്യൂഡല്‍ഹി: ഏറ്റുമുട്ടലുകള്‍ക്കിടയില്‍ പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിശേഷ ഇനങ്ങളില്‍പ്പെട്ട ബംഗാള്‍ മാങ്ങകള്‍ അയച്ചു നല്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹിമസാഗര്‍, മാല്‍ഡ, ലക്ഷ്മണ്‍ഭോഗ് എന്നീ ഇനങ്ങളില്‍പ്പെട്ട മാങ്ങകളാണ് മോഡിക്ക് അയച്ചു നല്‍കിയത്.
ബംഗാള്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ 2011 മുതലുള്ള പതിവിന്റെ തുടര്‍ച്ചയായാണ് ഇത്തവണയും മമത മാമ്പഴം സമ്മാനമായി നല്‍കിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമാകുകയും നേതാക്കള്‍ തമ്മില്‍ വാക്പോര് ശക്തമാകുകയും ചെയ്തിരുന്നു.
കൂടാതെ, തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയിലേക്ക് പോയ നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയുമാണ്. ഇത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് വിശേഷപ്പെട്ട മാങ്ങകളും അയച്ചു നല്‍കിയത്. പ്രധാനമന്ത്രിക്ക് മാത്രമല്ല, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ക്കും മമത മാങ്ങകള്‍ സമ്മാനമായി അയച്ചിട്ടുണ്ട്. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എന്നിവര്‍ക്കും മാങ്ങ അയച്ചുനല്‍കിയിട്ടുണ്ട്.
Discussion about this post