പൊങ്ങച്ചം കാണിക്കാൻ പ്രദർശിപ്പിച്ചത് സ്ത്രീധനമായി ലഭിച്ച 41 ലക്ഷം രൂപയും സ്വർണാഭരണങ്ങളും ആഡംബര കാറിന്റെ താക്കോലും; പോലീസും ആദായ നികുതി വകുപ്പും അന്വേഷിക്കും

മുസാഫർനഗർ: പൊങ്ങച്ചം കാണിക്കാനായി സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും വിവാഹവേദിയിൽ പ്രദർശിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീധന ഷോയുടെ വീഡിയോ വൈറലായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഉത്തർപ്രദേശിലെ ഷംലിയിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം.

വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസിനൊപ്പം ആദായനികുതി വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹവേദിയിൽവെച്ച് സ്ത്രീധനത്തെക്കുറിച്ച് പൊങ്ങച്ചം പറയുന്നതും സ്ത്രീധനമായി ലഭിച്ച പണവും ആഭരണങ്ങളും പ്രദർശിപ്പിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.

ഏകദേശം 41 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ പാത്രങ്ങളിൽ അടുക്കിവെച്ചാണ് പ്രദർശിപ്പിച്ചിരുന്നത്. ഇതോടൊപ്പം ആഭരണങ്ങളും ഒരു എസ്‌യുവിയുടെ താക്കോലും ഉണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പുറമേ വധു ഒട്ടേറെ ആഭരണങ്ങൾ ധരിച്ചിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാരിയായ ഷംലി സ്വദേശിയുടെ മകളുടെ വിവാഹചടങ്ങിന്റെ ദൃശ്യങ്ങളാണിതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഷംലി സ്വദേശിയും കർണാടകയിൽ വസ്ത്രവ്യാപാരിയുമായ യുവാവായിരുന്നു വരൻ. ഏകദേശം ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനം ഇയാൾ വാങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Exit mobile version