അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി : ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

Narendra Modi | Bignewslive

ന്യൂഡല്‍ഹി : അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ ക്ഷേത്രനഗരിയിലെ വികസന പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ വിര്‍ച്ച്വല്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വവും വികസനപരിവര്‍ത്തനങ്ങളുടെ മികവുമായിരിക്കണം അയോധ്യയില്‍ പ്രതിഫലിക്കേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടിക്കാഴ്ചയില്‍ അയോധ്യയില്‍ നടപ്പിലാക്കാനുദ്ദേശിച്ചിരിക്കുന്ന വികസന പദ്ധതികള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവതരിപ്പിച്ചു. റോഡുകള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയുടെ വികസനം, റെയില്‍വേ സ്‌റ്റേഷന്‍, വിമാനത്താവളം തുടങ്ങി നിരവധി പദ്ധതികളാണ് പരിഗണനയില്‍.

അയോധ്യ ഇന്ത്യയുടെ സാംസ്‌കാരിക ബോധത്തില്‍ കൊത്തിവയ്ക്കപ്പെട്ട നഗരമാണെന്ന് മോഡി അഭിപ്രായപ്പെട്ടു.”ആത്മീയവും പ്രൌഢവുമാണ് അയോധ്യ. ഈ നഗരത്തിന്റെ പൊതുബോധം ഭാവിയിലെ അടിസ്ഥാനസൗകര്യങ്ങളുമായി പൊരുത്തപ്പെടുന്നതാകണം. അത് തീര്‍ഥാടകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടും.” പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനോട് അനുബന്ധിച്ച് നഗരത്തില്‍ നിരവധി വികസനപദ്ധതികള്‍ യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ക്ഷേത്രനഗരിയെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനായുള്ള പദ്ധതികളാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. 2018ല്‍ തന്നെ അയോധ്യയില്‍ വിമാനത്താവളം കൊണ്ടുവരുമെന്നും ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നതാണ്.

പ്രമുഖ വ്യക്തികള്‍ക്കായി നിലവില്‍ വ്യോഗമഗതാഗതത്തിനുള്ള സംവിധാനമുണ്ട്. ഇത് വിമാനത്താവളമായി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം.ഒപ്പം നഗരത്തില്‍ ശുദ്ധജലവിതരണം, ബസ് സ്റ്റേഷന്‍, പോലീസ് ബാരക്ക് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Exit mobile version