മുംബൈ: ചരക്ക്- സേവന നികുതി (ജിഎസ്ടി)യില്‍ ഇനിയും ഇളവുകള്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജിഎസ്ടി സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍ വന്നു കഴിഞ്ഞു.
99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കുകയും അതിനെ സംരംഭക സൗഹൃദ നികുതിയായി മാറ്റുകയാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ജിഎസ്ടി വരുംമുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. അതില്‍ 55 ലക്ഷത്തിന്റെ വര്‍ധന വന്നുകഴിഞ്ഞു. ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചു.
നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജിഎസ്ടി എന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിതരാജ്യങ്ങളില്‍ ചെറിയ നികുതിപരിഷ്‌കാരം പോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജിഎസ്ടി വന്നതോടെ വിപണിയിലെ പല വൈരുധ്യങ്ങളും നീങ്ങുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്തു അദ്ദേഹം പറഞ്ഞു.