ബിജെപിയില്‍ ചേര്‍ന്നു; തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തി പ്രവര്‍ത്തകര്‍ വീണ്ടും തൃണമൂലിലേയ്ക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചൊഴുക്ക് ശക്തിയാകുന്നു. കഴിഞ്ഞ ദിവസം 200ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഇവര്‍ തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച ശേഷമാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സ്വയം ശുദ്ധീകരണത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇവര്‍ അവകാശപ്പെടുന്നു.

ഹൂഗ്ലിയിലാണ് സംഭവം. ‘ബിജെപിയില്‍ ചേര്‍ന്നത് വലിയൊരു അബദ്ധമായിരുന്നു. തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് ശുദ്ധീകരണം നടത്തിയ ശേഷം തങ്ങള്‍ തൃണമൂലിലേക്ക് തിരിച്ച് പോകുന്നു’ പ്രവര്‍ത്തകര്‍ പറയുന്നു. അരംബാഗ് എംപിയും തൃണമൂല്‍ നേതാവുമായ അപരൂപ പോദ്ദറില്‍ നിന്ന് പ്രവര്‍ത്തകര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചു.

പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനായുള്ള ഒരുപരിപാടി അരംബാഗില്‍ ചൊവ്വാഴ്ച സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് കടന്നുവന്നാണ് ദളിത് വിഭാഗത്തില്‍ നിന്നുള്ള 200 ഓളം പേര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചതെന്ന് എംപി അവകാശപ്പെട്ടു.

Exit mobile version