ഗുവഹാട്ടി: ആസാമില്‍ കോണ്‍ഗ്രസ് എംഎല്‍എ രൂപ്‌ജ്യോതി കുര്‍മി രാജിവെച്ചു. നേതൃത്വത്തിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷവിമര്‍ശനം നടത്തിയാണ് നാലു തവണ എംഎല്‍എയായിരുന്ന രൂപ്ജ്യോതി പാര്‍ട്ടി വിട്ടത്. പാര്‍ട്ടി അംഗത്വത്തിന് പുറമേ നിയമസഭാംഗത്വവും അദ്ദേഹം രാജിവച്ചു. ആസാം നിയമസഭാ സ്പീക്കര്‍ ബിശ്വജിത് ഡൈമറിക്ക് കുര്‍മി രാജിക്കത്ത് നല്‍കി. ഉടന്‍ തന്നെ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.
യുവനേതാക്കളുടെ ശബ്ദം പാര്‍ട്ടി നേതൃത്വം അവഗണിച്ചതിനാലാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് ജോര്‍ഹട്ട് ജില്ലയിലെ മരിയാനി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ രൂപജ്യോതി കുര്‍മി പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനാകില്ലെന്നും അദ്ദേഹമാണ് നയിക്കുന്നതെങ്കില്‍ പാര്‍ട്ടി മുന്നോട്ട് പോകില്ലെന്നും കുര്‍മി തുറന്നടിച്ചു.
കോണ്‍ഗ്രസ് അതിന്റെ യുവ നേതാക്കളെ കേള്‍ക്കുന്നില്ല. അതിനാല്‍ തന്നെ എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ നിയമസഭാ സ്പീക്കറെ കാണുകയും രാജി അറിയിക്കുകയും ചെയ്യും.’ – രൂപ്ജ്യോതി കുര്‍മി പറഞ്ഞു.