ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; അവസരം മുതലെടുത്ത് പെട്രോൾ ഊറ്റി നാട്ടുകാർ; ഡ്രൈവറെ രക്ഷിക്കാൻ മറന്നു

ശിവപുരി: ഇന്ധനവുമായി വന്ന ടാങ്കർ ലോറി അപകടത്തിൽപ്പെട്ട് കീഴ്‌മേൽ മറിഞ്ഞെന്ന വാർത്ത നാട്ടുകാരെ ആശങ്കപ്പെടുത്തിയതിനേക്കാളും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഡ്രൈവർ പരിക്കേറ്റ് നിലവിളിച്ചും രക്ഷിക്കാൻ ശ്രമിക്കാതെ നാട്ടുകാർ അവസരം മുതലെടുത്ത് വീണുകിടന്ന ടാങ്കറിൽ നിന്നും ഇന്ധനമൂറ്റാൻ തിരക്കുകൂട്ടി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പൊഹ്‌റി എന്ന സ്ഥലത്താണ് സംഭവം. ഗ്വാളിയാറിൽ നിന്ന് ഷേപുരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി അമിത വേഗതയെ തുടർന്നാണ് അപകടത്തിൽപ്പെട്ടത്.

കന്നാസിലും കുപ്പികളിലും കൈയ്യിൽ കിട്ടിയ പാത്രങ്ങളിലുമെല്ലാം നാട്ടുകാർ പെട്രോൾ ഊറ്റിയപ്പോൾ പരിക്കേറ്റ ഡ്രൈവറും സഹായിയും വൈദ്യ സഹായം ലഭിക്കാതെ വാഹനത്തിൽ തന്നെ കിടക്കേണ്ടി വന്നെന്നാണ് റിപ്പോർട്ട്.

നാട്ടുകാർ ക്രൂരന്മാരായതുകൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെന്ന് ദേശീയ മാധ്യമങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പെട്രോൾ വില സമീപത്തെ പമ്പുകളിലൊക്കെ നൂറു കടന്നതിനാൽ റോഡിൽ പാഴായി പോകുന്ന പെട്രോൾ ഊറ്റിയെടുത്തത് നാട്ടുകാരും ന്യായീകരിക്കുകയാണ്.

ഇവിടെ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. സമീപത്തെ സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയിട്ടും പെട്രോൾ ഊറ്റൽ തുടരുകയായിരുന്നു നാട്ടുകാർ. പെട്രോൾ ലഭിക്കുമെന്നറിഞ്ഞ സമീപ ഗ്രാമത്തിൽ നിന്നുപോലും ആളുകൾ ബൈക്കിൽ പെട്രോൾ ശേഖരിക്കാനായി ഒഴുകിയെത്തിയിരുന്നു.

Exit mobile version