മൊബൈൽ എടുക്കാനെന്ന വ്യാജേനെ പോലീസിനെ കബളിപ്പിച്ച് വടിവാൾ എടുത്ത് വീശി; പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്

ദിസ്പുർ: ആസാം കോക്രാജാർ കേസിന്റെ തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പോലീസിന്റെ വെടിയേറ്റു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾക്കാണ് വെടിയേറ്റത്. തെളിവെടുപ്പിനെ രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിയെ വെടിവെക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആസാമിലെ കോക്രാജാർ ജില്ലയിൽ നാലുദിവസം മുൻപാണ് 14ഉം 16ഉം പ്രായമായ പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് എഴുതി തള്ളി കേസ് അവസാനിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ബന്ധുക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കേസ് മുന്നോട്ടുപോയത്.

ഇതിനിടെ, പോസ്റ്റ്‌മോർട്ടത്തിൽ ഇരുവരും ബലാത്സംഗത്തിന് ഇരയായെന്നും കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയതും നിർണായകമായി. കേസുമായി ബന്ധപ്പെട്ട് ഏഴുപ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റം സമ്മതിക്കും ചെയ്തു. പ്രതികളുടെ അടുത്ത ബന്ധുക്കളാണ് കൊല്ലപ്പെട്ട കുട്ടികൾ രണ്ടുപേരും.

കേസിന്റെ തെളിവെടുപ്പിനായി എത്തിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പോലീസ് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആസാം സ്‌പെഷൽ ഡിജിപി ജിപി സിങ് പറഞ്ഞു. തെളിവെടുപ്പിനിടെ മൂന്നു പ്രധാന പ്രതികളിലൊരാളായ ഫാരിസുൽ റഹ്മാന്റെ മൊഴിയനുസരിച്ച് ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു പോലീസ്.

എന്നാൽ പ്രതികൾ മൊബൈൽ ഫോൺ ഉണ്ടെന്ന് പറഞ്ഞ സ്ഥലത്ത് ഫോണിന് പകരം വടിവാളായിരുന്നു ഒളിപ്പിച്ചിരുന്നത്. നൊടിയിയിൽ വടിവാൾ പുറത്തെടുത്ത് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതാണ് പോലീസ് പരാജയപ്പെടുത്തിയത്. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്ത മൂന്നുപേരും തെളിവ് നശിപ്പിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച നാലുപേരും അറസ്റ്റിലായെന്നും കേസ് അന്വേഷണം അവസാനിപ്പിച്ചതായും പോലീസ് പറഞ്ഞു.

Exit mobile version