മാതാപിതാക്കളെ നഷ്ടപ്പെട്ട ബാല്യം, ഉപജീവനത്തിനായി ബംഗളൂരിൽ ഹോട്ടൽജോലിക്കാരനായി, എഞ്ചിനീയറിങ് ജോലി ഉപേക്ഷിച്ച് സിനിമാ ലോകത്തേക്ക്; അകാലത്തിൽ വിടവാങ്ങിയ സഞ്ചാരി വിജയുടെ ജീവിതയും സിനിമാക്കഥയെ വെല്ലും

ബംഗളൂരു: ദുരിതം നിറഞ്ഞ കുട്ടിക്കാലവും പ്രതിസന്ധികളോട് പടവെട്ടി വിജയത്തിന്റെ കൊടുമുടിയിൽ എത്തിയ മികവുമെല്ലാം ചേർന്നതായിരുന്നു അകാലത്തിൽ പൊലിഞ്ഞ സഞ്ചാരി വിജയ് എന്ന കന്നഡ നടന്റെ ജീവിതം. നാടകക്കളരിയിലെ അനുഭവ സമ്പത്താണ് സഞ്ചാരി വിജയുടെ കഴിവിന്റെ ഉറവിടം. ദേശീയ അംഗീകാരം നേടിയെടുത്ത മികവും അദ്ദേഹത്തിന്റെ സഞ്ചാരി എന്ന നാടകകളരിക്ക് അവകാശപ്പെട്ടതാണ്.

ബംഗളൂരുവിൽ 2006ൽ രൂപംകൊണ്ട സഞ്ചാരി എന്ന നാടകസമിതിയുടെ ആത്‌നാവായിരുന്നു വിജയ് എന്ന ചിക്കമംഗളൂരുകാരൻ. സാമൂഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ വിഷയങ്ങൾ കൈകാര്യം ചെയ്ത നാടകങ്ങളിലൂടെ വിജയ് അരങ്ങിൽ തകർത്താടി. നാടകങ്ങളിലൂടെ അറിയപ്പെട്ടു തുടങ്ങിയതോടെ അദ്ദേഹം തന്റെ പേരിനൊപ്പം നാടകസമിതിയുടെ പേരായ ‘സഞ്ചാരി’ എന്നുകൂടി എഴുതിച്ചേർത്തു.

ദുരിതപൂർണമായിരുന്നു താരത്തിന്റെ ബാല്യവും കൗമാരവും. ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട വിജയ് ഉപജീവനമാർഗം തേടിയെത്തിയ ബംഗളൂരു പിന്നീട് അദ്ദേഹത്തിന്റെ തലവര തന്നെ മാറ്റുകയായിരുന്നു. നിത്യവൃത്തിക്കായി ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ വിജയ് ജോലിചെയ്തു. കിട്ടുന്ന പണം ഉപയോഗിച്ചു പഠിച്ച് കംപ്യൂട്ടർ എഞ്ചിനിയറായി. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളേജിൽ ജോലിയും ലഭിച്ചെങ്കിലും തലയ്ക്ക് പിടിച്ച അഭിനയമോഹം കാരണം അദ്ദേഹം ജോലി വിട്ടു. തുടർന്നായിരുന്നു സഞ്ചാരിയിലെ പ്രകടനങ്ങൾ. വൈകാതെ വെള്ളിത്തിരയിലും അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

‘നാനു അവനല്ല, അവളു’ എന്ന സിനിമയിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചാണ് വിജയ് ദേശീയ ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കിയത്. ബോളിവുഡിൽനിന്നടക്കം ഓഫറുകൾ വന്നിട്ടും സഞ്ചാരി വിജയ് ആഗ്രഹിച്ചത് ഒരു മലയാളസിനിമയിലെങ്കിലും അഭിനയിക്കണമെന്നായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകനുമായിരുന്നു സഞ്ചാരി വിജയ്. മമ്മൂട്ടിയും മോഹൻലാലുമൊക്കെ വേഷങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്നത് താൻ കൊതിയോടെ ആസ്വദിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത്തരം വേഷങ്ങൾ ചെയ്ത്, മലയാളിപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റണമെന്നായിരുന്നു ആഗ്രഹം. ”മറ്റ് ദക്ഷിണേന്ത്യൻ ഭാഷാസിനിമകളെ അപേക്ഷിച്ച് മലയാള സിനിമയ്ക്ക് യഥാർഥ പ്രതിഭകളെ തിരിച്ചറിയാൻ കഴിവുണ്ട്” എന്നായിരുന്നു ഒരിക്കൽ വിജയ് പറഞ്ഞത്.

സഞ്ചാരിയുടെ ഒരു നാടകത്തിൽ വിജയ് അവതരിപ്പിച്ച സ്ത്രീവേഷം കണ്ടായിരുന്നു ട്രാൻസ്‌ജെൻഡർമാരുടെ കഥപറയുന്ന ‘നാനു അവനല്ല, അവളു’ എന്ന ചിത്രത്തിലേക്ക് സംവിധായകൻ ബിഎസ് ലിംഗദേവരു വിജയിയെ ക്ഷണിച്ചത്. ട്രാൻസ്‌ജെൻഡർമാരുമായി അടുത്തിടപഴകി അവരുടെ ശരീരഭാഷയും ചലനങ്ങളും വികാരപ്രകടനങ്ങളുമെല്ലാം കണ്ടുപഠിച്ചായിരുന്നു അദ്ദേഹം കഥാപാത്രത്തിന് ജീവൻനൽകിയത്. ഇതിലെ അഭിനയം ദേശീയ പുരസ്‌കാരത്തിനാണ് താരത്തിനെ അർഹനാക്കിയത്. അതേവർഷം, അദ്ദേഹം അഭിനയിച്ച ‘ഹരിവു’ എന്ന കന്നഡചിത്രം മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയുമുണ്ടായി.

Exit mobile version