ലഖ്നോ: ഒരാളെ വിവാഹം ചെയ്യാന്‍ ഒരേ വിവാഹ പന്തലില്‍ രണ്ട് വരന്മാര് എത്തിയാല്‍ എന്ത് സംഭവിക്കും. പഴയ കോമഡി സിനിമകളില്‍ ഇത്തരം സംഭവങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ശരിക്കും സംഭവിച്ചാല്‍ എന്ത് ചെയ്യും. ഉത്തര്‍ പ്രദേശിലെ ഇറ്റാ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷന് പരിധിയില്‍ അങ്ങനെയൊരു സംഭവം ഉണ്ടായി.
വധുവായ മോഹനിയും ഫുലന്‍പൂര്‍ സ്വദേശിയായ ബാബ്ലുവും തമ്മിലുള്ള വിവാഹ വേദിയിലാണ് സംഭവം അരങ്ങേറിയത്. വിവാഹ ദിവസം ബബ്ലുവും ബന്ധുക്കളും കൂടി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ ബന്ധുക്കള്‍ വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെ ഹയാത്നഗര്‍ ഗ്രാമത്തിലെ രാജാറാമിന്റെ മകനായ അജിത്തും വിവാഹത്തിനൊരുങ്ങി മോഹനിയുടെ വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബന്ധുക്കളും സുഹൃത്തുക്കളുമായി കല്യാണത്തിനൊരുങ്ങിയാണ് അജിത്തും എത്തിയത്.
തുടര്‍ന്ന് ബാബ്ലുവും അജിത്തും തനിക്ക് മോഹനിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ടും പേരും താനാണ് മോഹനിയുടെ വരന് എന്ന് അവകാശം ഉന്നയിച്ചു. ഇതോടെ വധു തര്‍ക്കത്തില്‍ ഇടപെടുകയായിരുന്നു. മോഹനി രണ്ടാമത്തെയാളായ അജിത്തിനെ വിവാഹം കഴിച്ച് അവരുടെ കൂടെ പോവുകയായിരുന്നു. ഇതോടെ ആദ്യത്തെയാളും കുടുംബവും പ്രശ്നമുണ്ടാക്കി. ഒടുവില്‍ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
വധുവിന്റെ പിതാവിനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ടാമത്തെ വരന്റെ ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്കാന് പോലീസ് തയാറായില്ല. അതേസമയം മോഹിനിയും അജിത്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ബന്ധം എതിര്‍ത്ത മോഹിനിയുടെ ബന്ധുക്കള്‍ ബബ്ലുവുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. മറ്റൊരാളുമായി മോഹിനിയുടെ വിവാഹം ഉറപ്പിച്ചെന്ന വാര്‍ത്തയറിഞ്ഞതോടെയാണ് അജിത്ത് ബന്ധുക്കളെയും കൂട്ടി വിവാഹപ്പന്തലില്‍ എത്തിയതെന്ന് ഇന്ത്യ.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post