തൂത്തുക്കുടി പോലീസ് വെടിവെയ്പ്പ്; കൊല്ലപ്പെട്ടവരുടെയും ഗുരുതര പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി എംകെ സ്റ്റാലിന്‍

MK Stalin | Bignewslive

ചെന്നൈ: തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പിലെ ഇരകളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും ബന്ധുക്കള്‍ക്കാണ് ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി വിവിധ സര്‍ക്കാര്‍ വകുപ്പുകളിലാണ് നിയമിച്ചത്.

നിയമന ഉത്തരവ് വെള്ളിയാഴ്ച സ്റ്റാലിന്‍ കൈമാറി. 16 പേരെ ജൂനിയാര്‍ അസിസ്റ്റന്റ് പോസ്റ്റിലേക്കും ഒരാളെ ജീപ്പ് ഡ്രൈവറായുമാണ് നിയമിച്ചത്. ഇവര്‍ തൂത്തുക്കുടി ജില്ലയിലെ റവന്യൂ ഗ്രാമവികസന മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കും.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന് എതിരെ നടന്ന സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പില്‍ 13 ആളുകള്‍ മരിച്ചിരുന്നു. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഈ കുടുംബങ്ങള്‍ക്കാണ് സ്റ്റാലിന്‍ മന്ത്രിസഭ തുണയാകുന്നത്. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ നടന്ന സമരം 100 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു പ്രക്ഷോഭം ശക്തമായത്.

Exit mobile version