കൊൽക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്ത് സിബിഐ. നടപടിക്ക് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ആസ്ഥാനത്തേക്ക് പാഞ്ഞെത്തി. മന്ത്രിമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനർജി എത്തിയത്. പറ്റുമെങ്കിൽ എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് മമത സിബിഐ ഓഫീസിലെത്തിയതിനു ശേഷം പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റിലായ തൃണമൂൽ മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലെത്തിയതിനു ശേഷമാണ് മമത സിബിഐ ആസ്ഥാനത്ത് എത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മന്ത്രി ഫിർഹാദ് ഹക്കീമിനെ സിബിഐ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. നടപടി ക്രമങ്ങൾ പാലിക്കാതെ സിബിഐ തന്നെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ഫിർഹാദ് ഹക്കീമിന്റെ ആരോപണം. മന്ത്രിയായ സുബ്രതോ മുഖർജിയേയും തൃണമൂൽ എംഎൽഎ മദൻ മിത്രയേയും മുൻ എംഎൽഎ സോവൻ ചാറ്റർജിയേയും സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊൽക്കത്തയുടെ മുൻ മേയറായ സോവൻ ചാറ്റർജി 2019ൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നുവെങ്കിലും മാർച്ചിൽ രാജിവെച്ചിരുന്നു. നാല് പേർക്കെതിരേയും അന്വേഷണം നടത്താൻ ഗവർണർ ജഗ്ദീപ് ധൻകർ അനുമതി നൽകിയിരുന്നു. കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും. നാല് പേരെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെടും. കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കുന്നത് വരെ ഇവർ പോലീസ് ലോക്കപ്പിൽ തുടരേണ്ടി വരും.
നാരദ ന്യൂസ് പോർട്ടലിലെ മാത്യു സാമുവലാണ് ഏറെ വിവാദമായ ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. 2016ൽ പശ്ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീഡിയോ പുറത്തുവന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ എസ്എംഎച്ച് മിർസയടക്കമുള്ള പശ്ചിമ ബംഗാളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബർദ്വാൻ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്നു അന്ന് മിർസ. കേസിൽ അന്വേഷണം നടത്താൻ 2017ലാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
Discussion about this post