കൊല്‍ക്കത്ത: ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നല്‍കാത്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ ബിജെപി നേതൃത്വം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ആവശ്യപ്പെട്ടു. ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് മമതാ ബാനര്‍ജി സര്‍ക്കാരാണ് അനുമതി നിഷേധിച്ചത്. ഇതിനു പിന്നാലെയാണ് സര്‍ക്കാറിനെതിരെ ദിലീപ് ഘോഷ് രംഗത്തു വന്നിരിക്കുന്നത്.
ജനാധിപത്യത്തെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി ബംഗാളില്‍ ഗണതന്ത്ര ബചാഓ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രഥയാത്രയ്ക്കു പിന്നാലെ വര്‍ഗീയ സംഘര്‍ഷത്തിനും സമാധാനാന്തരീക്ഷം തകരാനും സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി റാലിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ദിലീപ് ഘോഷ് രംഗത്തു വന്നിരിക്കുന്നത്.
‘രഥ യാത്ര റദ്ദാക്കാനുള്ള ബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഞങ്ങള്‍ എത്രയും പെട്ടെന്ന് കോടതിയെ സമീപിക്കും. ഭരണകക്ഷി ജനാധിപത്യത്തെ ഇല്ലാതാക്കുന്നതിനെതിരെയും പ്രതിപക്ഷ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെതിരെയും ഞങ്ങളുടെ പാര്‍ട്ടി പ്രക്ഷോഭം നടത്തും. ‘ ദിലീപ് ഘോഷ് പറഞ്ഞു.