ചെന്നൈ: പത്തുവര്‍ഷക്കാലം പ്രതിപക്ഷത്തിരുന്ന ശേഷം അധികാരം കിട്ടിയ ഡിഎംകെയും മുഖ്യമന്ത്രി എംകെ സ്റ്റാലിനും തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് സൂചന നല്‍കിയാണ് അധികാരമേറ്റത്. തന്റെ മന്ത്രി സഭയിലെ അംഗങ്ങള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് സ്റ്റാലിന്.
ജനത്തെ മാനിക്കണമെന്നും ഒരു തരത്തിലും പാര്‍ട്ടിക്കോ പൊതുജനത്തിനോ ബുദ്ധിമുട്ടുണ്ടാക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
‘നിങ്ങള്‍ക്ക് ഒരു അവസരം ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. പുറത്തു അവസരത്തിനായി ഒട്ടേറെപേര്‍ കാത്തുനില്‍ക്കുന്നുണ്ട്. നമ്മള് 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന ശേഷമാണ് അധികാരത്തിലേക്ക് വരുന്നത്. ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കണം. വികസനം ആണ് പ്രധാന ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകളും സൂക്ഷിച്ച് വേണം.
ഒരു നിമിഷത്തെ അശ്രദ്ധ നല്ല ചിത്രത്തെ മോശമാക്കും. പാര്‍ട്ടിക്ക് ചീത്തപ്പേര് ഉണ്ടാക്കുന്ന നടപടി ആര് സ്വീകരിച്ചാലും അവര്‍ക്ക് പിന്നെ പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാകില്ല. ചീത്തപ്പേര് ഉണ്ടാക്കുന്ന ആളുകള്‍ തല്‍ക്ഷണം മന്ത്രിസഭയില്‍ നിന്നും പുറത്തുപോകും. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണം.’ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പൊതുജനങ്ങളുടെ പ്രശ്നങ്ങളെ 100 ദിവസങ്ങള്‍ക്കുള്ളില്‍ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി ‘നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി’ എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാന്‍ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല.
Discussion about this post