ശ്രീനഗര്‍: കാശ്മീരില്‍ അതിശൈത്യം. വെള്ളിയാഴ്ച കാശ്മീരിലെ പലയിടങ്ങളിലായും രേഖപ്പെടുത്തിയത് സീസണിലെ റെക്കോര്‍ഡ് തണുപ്പാണ്. വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് മൈനസ് 4.2 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണെന്ന് കാലാവസ്ഥാ പഠനവിഭാഗം വ്യക്തമാക്കുന്നു. ശ്രീനഗറിന് പുറമേ ഗുല്‍മാര്‍ഗ്, കോകര്‍നാഗ്, ഖാസിഗുണ്ഡ്, കുപ്വാര, ഗുല്‍മാര്‍ഗ്, ലേ, ദ്രാസ് എന്നിവിടങ്ങളിലും സീസണിലെ കുറഞ്ഞ താപനില രേഖപ്പെടുത്തി.
ഗുല്‍മാര്‍ഗില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 11.5 ഡിഗ്രി സെല്‍ഷ്യസാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗുല്‍മാര്‍ഗിലുണ്ടായ ഏറ്റവും തണുത്ത രാവാണിതെന്ന് കാലാവസ്ഥാ പഠന വിഭാഗം പറയുന്നു. കാര്‍ഗില്‍ ജില്ലയിലെ ദ്രാസാണ് കാശ്മീരിലെ ഏറ്റവും തണുപ്പേറിയ മേഖല. മൈനസ് 19.7 ഡിഗ്രി സെല്‍ഷ്യസാണ് നിലവില്‍ ഇവിടുത്തെ താപനില. തെക്കന്‍ കാശ്മീരിലെ കോകര്‍നാഗില്‍ മൈനസ് 6.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മേഖലയില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ തണുപ്പാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വടക്കന്‍ കാശ്മീരിലെ കുപ്വാരയില് മൈനസ് 4.5 ഡിഗ്രി സെല്‍ഷ്യസും ലഡാക്കിലെ ലേ നഗരത്തില്‍ മൈനസ് 13.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയും വെള്ളിയാഴ്ച രേഖപ്പെടുത്തി. കാശ്മീര്‍ താഴ്വരയിലെ ഖാസിഗുണ്ഡില് 2014ന് ശേഷം ഏറ്റവും കൂടിയ തണുപ്പാണ് നിലവിലുള്ളത്. 2014ല്‍ മൈനസ് 5.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയ ഖാസിഗുണ്ഡില് കഴിഞ്ഞ ദിവസത്തെ താപനില 5 ഡിഗ്രി സെല്‍ഷ്യസ് ആണ്. അമര്‍നാഥ് യാത്രയുടെ ബേസ്ക്യാമ്പ് കൂടിയായ പഹല്‍ഗാമില്‍ 9.5 ഡിഗ്രി സെല്‍ഷ്യസാണ് വെള്ളിയാഴ്ച രാത്രി രേഖപ്പെടുത്തിയത്.
Discussion about this post