ഒരിക്കൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ് ആവശ്യത്തിലേറെ വിമർശനവും പൊങ്കാലയും ഏറ്റുവാങ്ങിയ ടെന്നീസ് താരമാണ് മരിയ ഷറപ്പോവ. അന്ന് മലയാളികളായിരുന്നു ഷറപ്പോവയെ സച്ചിന്റെ മഹനീയത പഠിപ്പിക്കാൻ മുന്നിൽ നിന്നതും നാവുളുക്കും വരെ ചീത്ത വിളിച്ചതും. ഇപ്പോഴിതാ വീണ്ടും അതേ മലയാളികളുടെ കമന്റ് കണ്ട് അമ്പരക്കുകയായിരിക്കും മരിയ ഷറപ്പോവ. കാരണം കർഷക സമരത്തെ തള്ളിപ്പറഞ്ഞ സച്ചിൻ തെണ്ടുൽക്കറെ വിമർശിക്കുന്നതിനോടൊപ്പം മരിയയോട് മാപ്പ് പറയാനും ഓടിയെത്തിയിരിക്കുകയാണ് അവരുടെ ഫേസ്ബുക്ക് പേജിൽ.
ഷറപ്പോവ ഒടുവിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി മലയാളം കമന്റുകളാണ് ഉള്ളത്. എല്ലാം വർഷങ്ങൾക്ക് മുമ്പ് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് ചീത്തവിളിച്ചതിനും തെറിവിളിച്ചതിനുള്ള മാപ്പപേക്ഷകൾ. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ഷറപ്പോവയായിരുന്നു ശരിയെന്ന് ഒരു വിഭാഗം പറയുന്നു. മരിയ ഷറപ്പോവയോടൊപ്പം തന്നെ 1983 സിനിമയിൽ സച്ചിനെ അറിയില്ലെന്ന് പറയുന്ന ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രത്തിനും വലിയ വരവേൽപ്പാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിക്കുന്നത്. ഷറപ്പോവയോട് മാപ്പ് പറഞ്ഞുള്ള കമന്റുകൾ ഫേസ്ബുക്കിലും ട്വിറ്ററിലും നിറയുകയാണ്.
Looking into the future with Therabody All the BTS footage up on Instagram stories https://bit.ly/3tpgepw
Posted by Maria Sharapova on Tuesday, 2 February 2021
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് വിദേശികളായ പ്രമുഖർ പങ്കുവെച്ച പ്രതികരണങ്ങളെ തള്ളി ഇന്ത്യ പ്രൊപഗാന്റയ്ക്കെതിരാണെന്നും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടെന്നും പറയുന്ന ക്യാംപെയിനിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കർ.
കർഷക സമരത്തെ പിന്തുണച്ചെത്തിയവരെ വിമർശിക്കുന്ന പോസ്റ്റ് സച്ചിൻ പങ്കുവെച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇതാണ് അദ്ദേഹത്തെ ട്രോളാൻ കാരണമായിരിക്കുന്നത്.
Discussion about this post