ബംഗളൂരു: കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ക്ക് തീവെച്ച് ഒരു കൂട്ടര്. മംഗളൂരുവിലെ ഉല്ലലില്‍ ശനിയാഴ്ച്ചയോടെയാണ് ബീഫ് കടയ്ക്ക് തീവെച്ചത്. അതേസമയം, അക്രമം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ബീഫ് സ്റ്റോളുകളും അവിടെ നിന്നും മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഉല്ലല് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നശിപ്പിക്കപ്പെട്ട ബീഫ് സ്റ്റോളുകള്‍ നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിശ്വ ഹിന്ദു പരിഷത്തും ബജ്റങ് ദളും ജനുവരി ഏഴാം തിയതി പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പ്രധാന മാര്‍ക്കറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് സ്റ്റോള്‍ മാറ്റേണ്ടിവന്നതെന്ന വിശദീകരണവുമായി കടയുടെ ഉടമകളായ എംസി ബാവയും എംസി ഖാദറും ഹനീഫയും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കടകള്‍ തീവെച്ച് നശിപ്പിച്ചിരിക്കുന്നത്.
തീപിടിത്തത്തെ തുടര്‍ന്ന് കത്തി നശിച്ച മൂന്ന് ബീഫ് സ്റ്റോളുകളും കൃത്യമായ ലൈസന്‍സോടുകൂടി പ്രവര്‍ത്തിച്ചിരുന്നവയാണെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പ്രതികരിച്ചു. അക്രമത്തില്‍ നഷ്ടം വന്നവര്‍ക്കായി വേണ്ട നടപടികള്‍ സ്വീകരിച്ചതായി സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അയുബ് മഞ്ചില പറഞ്ഞു.
Discussion about this post