ന്യൂഡല്‍ഹി: സന്തോഷം പങ്കുവെച്ച് ഓടി നടക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും, നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടെ തിക്കും തിരക്കും നിറഞ്ഞ പ്രത്യേക കൂടാരം, തൊട്ടടുത്തായി തിരക്കൊഴിയാത്ത നിരവധി വിഭവങ്ങളൊരുക്കിയ കെട്ടിയുണ്ടാക്കിയ പന്തല്‍, ഇടയ്ക്കിടെ വന്ന് മാധ്യമങ്ങളോട് സന്തോഷം പങ്കുവെയ്ക്കുന്ന നേതാക്കള്‍…
ഇതൊക്കെയായിരുന്നു ബിജെപി നേതാക്കള്‍ ന്യൂഡല്‍ഹിയിലെ ദീന് ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി കേന്ദ്ര ആസ്ഥാനത്ത് ഇരുന്ന് തിങ്കളാഴ്ച രാത്രിവരെ ചിന്തിച്ചു കൂട്ടിയ സ്വപ്നങ്ങള്‍. എന്നാല്‍ എല്ലാം തകര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് ലഭിച്ചത് കനത്ത തിരിച്ചടി മാത്രം.
ഇതോടെ പതിവിനു വിപരീതമായി മരണവീടുപോലെ ശോകമൂകമായി മാറുകയായിരുന്നു ബിജെപി ആസ്ഥാനം. ഓരോ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴും തത്സമയ സംപ്രേഷണത്തിനും പ്രതികരണങ്ങളെടുക്കാനും നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ വരാറുള്ള ബിജെപി ആസ്ഥാനത്ത് വോട്ടെണ്ണല്‍ സമയത്ത് ഉണ്ടായിരുന്നത് രണ്ട് ഡസന്‍ പോലും തികയാത്ത മാധ്യമസംഘം മാത്രമായിരുന്നു.
സംബിത് പത്രയടക്കം ബിജെപി വക്താക്കള്‍ ഇടക്കിടെ പുറത്തുവന്നെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വേണ്ടത്ര ഉത്സാഹം ഇല്ലായിരുന്നു. മധ്യപ്രദേശിലെ ശക്തനായ നേതാവ് കൈലാഷ് വിജയവര്‍ഗ്യ മകന് പിറകിലായതോടെ പ്രതിരോധത്തിലാവുകയായിരുന്നു.
ഛത്തീസ്ഗഢിലെ ഫലം തിരിച്ചടിച്ചതോടെ അപ്രതീക്ഷിതഫലം എന്നല്ലാതെ മറ്റൊരു വാക്ക് പറയാന്‍ നേതാക്കള്‍ തയ്യാറായതുമില്ല. അമിത് ഷായ്ക്കായുള്ള കാത്തിരിപ്പിനും കൃത്യമായ മറുപടി പറയാന്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കള്‍ക്കായില്ല. പദ്ധതിയിട്ട ആഘോഷ പരിപാടികള്‍ വൃഥാവിലായ ദുഃഖം അലയടിക്കുകയായിരുന്നു ആസ്ഥാനത്തിലാകെ. ശരിക്കും മരണവീട്ടിലെ പ്രതീതി.
വൈകുന്നേരത്തോടെ ശോകം കാര്‍മേഘം പോലെ ഉരുണ്ടുകയറിയ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷപരിപാടികള്‍ മഴയായി പെയ്തിറങ്ങുകയും ചെയ്തു. പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷപരിപാടികള്‍ ഗംഭീരമാക്കുമ്പോള്‍ കെട്ടിടത്തിനകത്ത് തളം കെട്ടിയ ഇരുട്ടു മാത്രമായിരുന്നു പ്രതികരണം.
Discussion about this post