മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ രണ്ട് ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത് വീണ്ടും രാജ്യത്തെ ആശങ്കയിലാഴ്ത്തുന്നു. ഞായറാഴ്ച ഉത്തര്‍പ്രദേശിലെ മഥുരയില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥയുണ്ടായത്. കോസി കലന്‍ എന്ന ഗ്രാമത്തിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മേഖലയില്‍ അധികമായി പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് കളക്ടര്‍ സാര്‍വഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം, വാഹനത്തില്‍ പശുക്കളെ കടത്തിക്കൊണ്ടുപോകുന്നതു കണ്ടതായി ജനക്പുരി സ്വദേശി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനം നിര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ കാറില്‍ ഇടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇതേത്തുടര്‍ന്ന് കാര്‍ മറിഞ്ഞുവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post