മുംബൈ: മഹാരാഷ്ട്രയില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രാദേശിക നഗര വികസന വകുപ്പുകളോട് ഇത്തരം പ്രദേശങ്ങളുടെ പട്ടിക സമര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജാതിയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥലങ്ങളുടെ പേര് മാറ്റി ചരിത്ര നേതാക്കന്മാരുടെ പേരുകള്‍ നല്‍കാനാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് സംബന്ധിച്ച പ്രമേയം ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വിശദമാക്കുന്നു.
മഹാരാഷ്ട്രയില്‍ നിരവധി സ്ഥല പേരുകളാണ് ജാതി അടിസ്ഥാനത്തില്‍ ഉള്ളത്. മഹാര്‍വാഡ, മാംഗ്വാഡ, ബ്രാഹ്മണവാഡ തുടങ്ങി നിരവധി സ്ഥല പേരുകളാണ് ജാതി അടിസ്ഥാനമാക്കിയുള്ളത്. നിയമം നടപ്പാക്കുന്നതോടെ ഈ പേരുകളെല്ലാം ചരിത്രത്തിലെ നേതാക്കന്മാരുടെ പേരുകളായി മാറും. ജാതിയെ അടിസ്ഥാനമാക്കിയുള്ള സ്ഥല പേരുകള്‍ പുരോഗമന ചിന്താ ഗതിയുള്ള ഒരു സംസ്ഥാനത്തിന് ഉചിതമല്ലെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ധനന്ജയ് മുണ്ടേ പറഞ്ഞു.
സാമൂഹ്യ മൈത്രിക്കും ഐക്യത്തിനും പുതിയ തീരുമാനം സഹായിക്കുമെന്നും സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രസ്താവനയില്‍ വിശദമാക്കി. ഡോ. ബി ആര് അംബേദ്കറിന്റെ ചരമവാര്‍ഷികത്തിന് മുന്നോടിയായാണ് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.
Discussion about this post