ഗ്വാളിയാര്‍: 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ പോലീസുകാരനെ കണ്ടെത്തി. രണ്ട് സഹപ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥനെ അവിചാരിതമായി കണ്ടുമുട്ടിയത്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ തെരുവില്‍ നിന്നാണ് പഴയ സഹപ്രവര്‍ത്തകനെ ഡെപ്യൂട്ടി സൂപ്രണ്ടുമാരായ രത്നേഷ് സിംഗ് ടോമാറും വിജയ് സിംഗ് ബഹാദൂറും കണ്ടത്. അതും വേദനപ്പിക്കുന്ന കാഴ്ച.
ഗ്വാളിയോര്‍ പട്ടണത്തിലൂടെ രാത്രി വാഹനമോടിച്ച് പോവുകയായിരുന്നു. അരികെ ഒരു ഹാളില്‍ വിവാഹ പാര്‍ട്ടി നടക്കുന്നുണ്ടായിരുന്നു. സഞ്ചാരത്തിനിടെയാണ് ഭിക്ഷക്കാരനെപ്പോലെ തോന്നിക്കുന്ന ഒരാളെ രത്നേഷും വിജയും കണ്ടത്. ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണം ശേഖരിക്കുകയായിരുന്നു ഇയാള്‍. തണുത്ത് വിറച്ച് ആകെ അവശനായിരുന്ന ഇയാളെ കണ്ട് പോലീസുകാര്‍ വാഹനം നിര്‍ത്തി ഒരു ജാക്കറ്റ് നല്കി.
ജാക്കറ്റ് വാങ്ങിയ ഇയാള്‍ പോലീസുകാരെ പേരെടുത്ത് വിളിച്ചു. ഞെട്ടിപ്പോയ ഇവര്‍ വൈകാതെ തങ്ങളുടെ സഹപ്രവര്ത്തകന് മനീഷ് മിശ്രയാണെന്ന് തിരിച്ചറിഞ്ഞത്. ഇന്‍സ്പെക്ടറായി ജോലിക്ക് കയറിയ ഇയാളെ 2005ലാണ് കാണാതാവുന്നത്. മികച്ച അത്ലറ്റും ഷാര്‍പ്പ് ഷൂട്ടറുമായിരുന്ന മനീഷ് 99ലാണ് ജോലിക്ക് കയറിയത്. പിന്നീട് മാനസിക രോഗം പിടികൂടിയ ഇയാളെ കുടുംബം കുറച്ചു നാള് ചികിത്സിച്ചു. പിന്നീടൊരു ദിവസം ഇയാളെ കാണാതാവുകയായിരുന്നു. മാനസിക നില തകരാറിലായ ഇയാളെ ഒരു സന്നദ്ധസംഘടനയുടെ സഹായത്തോടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Discussion about this post