പാട്ന: ബിഹാറിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ തമ്മിൽതല്ല്. കോൺഗ്രസ് നേതൃത്വം വിളിച്ചു ചേർത്ത നിയമസഭാ കക്ഷിയോഗത്തിലാണ് കൈയ്യാങ്കളിയുണ്ടായത്. പുതിയ നിയമസഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടെയായിരുന്നു ഉന്തും തള്ളും ഉണ്ടായത്.
പാട്നയിലെ സദഖത്ത് ആശ്രമത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട 19 കോൺഗ്രസ് എംഎൽഎമാർ യോഗം ചേർന്നത്. മുഴുവൻ പേരും യോഗത്തിന് പോലും എത്തിയില്ല. പതിനേഴ് എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം തുടർന്നത്. അതേസമയം, തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ ചർച്ച ചെയ്യവെ രംഗം വഷളാവുകയായിരുന്നു. നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണ് പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ഇതോടെ കാര്യങ്ങൾ പിടിവിട്ട് എംഎൽഎമാർ കൈയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
അതേസമയം, രണ്ട് എംഎൽഎമാർ യോഗത്തിനെത്താതിരുന്നതും പല അഭ്യൂഹങ്ങൾക്കും കാരണമായി. ചില കോൺഗ്രസ് എംഎൽഎമാർ ജെഡിയുവിൽ ചേർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിന് പിന്നാലെയാണ് എംഎൽഎമാരുടെ അസാന്നിധ്യം ഉണ്ടായത്.
Discussion about this post