ക്വാറന്റൈന്‍ വേണ്ട; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് പുതിയ ഇളവുമായി കേന്ദ്രം

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ നിര്‍ദേശം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കാണ് പുതിയ നിര്‍ദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കോവിഡ് പ്രോട്ടോകോള്‍ പുതുക്കിയത്.

വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അതേസമയം, ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താതെ രാജ്യത്തേക്ക് എത്തുന്നവരില്‍ അതിന് സൗകര്യമുള്ള എയര്‍പോര്‍ട്ടുകളില്‍ പരിശോധന നടത്താം.

അത്തരത്തില്‍ നെഗറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കും. നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും പിന്നീടുള്ള ഏഴ് ദിവസം ഹോം ക്വാറന്റൈനും വിധേയമാകണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ പറയുന്നു.

അടിയന്തര സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും ന്യുഡല്‍ഹി എയര്‍പോര്‍ട്ടില്‍ 72 മണിക്കൂര്‍ മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, അച്ഛനമ്മമാരോടും പത്തുവയസുള്ള കുട്ടികളോടും ഒപ്പമുള്ള അടിയന്തര യാത്രകളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും യാത്ര ചെയ്യാം. പക്ഷേ ഇവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാവും.

Exit mobile version