ലഖ്നൗ: മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് ചോദ്യം ചെയ്ത പിതാവിനെ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ദോറിയയിലെ 50-കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് പിതാവിനെ ആക്രമിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കൊല്ലപ്പെട്ടയാളുടെ മകളെ അയല്‍ക്കാരനായ യുവാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി പിതാവിനോട് കാര്യം പറഞ്ഞു. ഇത് ചോദിക്കാന്‍ എത്തിയതായിരുന്നു പിതാവ്. യുവാവിന്റെ വീട്ടിലെത്തി, മകളെ ഉപദ്രവിച്ചത് ചോദ്യംചെയ്ത പിതാവ് ഇയാളുടെ മുഖത്തടിക്കുകയും ചെയ്തു. ഇതോടെ യുവാവ് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും മധ്യവയസ്കനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
സാരമായി പരിക്കേറ്റ അദ്ദേഹത്തെ ഗൊരഖ്പുര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ ലഖ്നൗവിലേക്ക് കൊണ്ടുപോയി. എന്നാല്‍ ലഖ്നൗവിലേക്കുള്ള വഴിമധ്യേ മരണംസംഭവിക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തതായും ഇവരില്‍ രണ്ട് പ്രതികളെ പിടികൂടിയതായും പോലീസ് പറയുന്നു.
Discussion about this post