സോഷ്യൽമീഡിയയിലൂടെ കഴിഞ്ഞ കുറച്ച് ദിവസമായി പ്രചരിച്ച കാമുകന്റെ രോദനമെന്ന പേരിലുള്ള വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഒടുവിൽ പുറത്ത്. സ്‌കൂൾ കാലം മുതൽ ഉയിരായി പ്രേമിച്ച സൊണാലി എന്ന കാമുകി ഒടുവിൽ സർക്കാർ ജോലിയില്ലെന്ന കാരണം പറഞ്ഞ് അച്ഛന്റെ വാക്കും കേട്ട് മറ്റൊരാളെ വിവാഹം ചെയ്‌തെന്ന ബിഹാർ സ്വദേശിയായ യുഗൽ എന്ന കാമുകന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൻഹിറ്റാണ്. സർക്കാർ ജോലിയില്ലാത്തതിന്റെ പേരിൽ പ്രണയിതാക്കളെ ഉപേക്ഷിച്ചുപോകുന്ന കാമുകിമാർ കാണാൻ എന്ന തലക്കെട്ടിൽ വീഡിയോ വൻ പ്രചാരവും നേടി.
എന്നാൽ, ഹൃദയം തകർന്നുകൊണ്ട് പങ്കുവെച്ച ഈ സെൽഫി വീഡിയോക്ക് പിന്നാലെ സത്യാവസ്ഥ തേടി പോയവർക്ക് വ്യക്തമായത്, ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നതും പങ്കുവെച്ചിരിക്കുന്നതും ബിഹാർ സ്വദേശിയായ യുഗൽ കിഷോർ എന്ന യുവനടനും സംവിധായകനുമായ ആളാണെന്നായിരുന്നു.
തന്റെ ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ വെച്ചാണ് യുവാവ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. അച്ഛന്റെ വാക്കും കേട്ടുകൊണ്ട്, സർക്കാർ ജോലി കിട്ടിയില്ല എന്നുള്ള ഒരൊറ്റ കാരണം പറഞ്ഞു കൊണ്ട് തന്നെ ഒഴിവാക്കിയ കാമുകി അതിന് വലിയ വിലകൊടുക്കേണ്ടി വരും എന്നും പറഞ്ഞുകൊണ്ടാണ് ഈ യുവാവ് തന്റെ വീഡിയോ തുടങ്ങുന്നത്. തന്നെ ഉപേക്ഷിച്ച് സർക്കാർ ജോലിയുള്ള പത്തുപന്ത്രണ്ടു വയസ്സ് മൂത്ത ഒരു ഗുമസ്തനെ വിവാഹം കഴിക്കാൻ നീ തയ്യാറായല്ലോ എന്നും സൊണാലിയോട് കാമുകൻ പരിതപിക്കുന്നു.
തനിക്ക് സർക്കാർ ജോലിയൊന്നും ഇപ്പോഴും ഇല്ലെങ്കിലും, സ്വന്തമായി വലിയൊരു ഇലക്ട്രോണിക്‌സ് ഷോറൂം ഉണ്ട്, അവിടെ അഞ്ചു പേർക്ക് താൻ തൊഴിൽ നൽകുന്നുണ്ട്. അത് സർക്കാർ ജോലിയെക്കാൾ ഒട്ടും കുറവല്ല എന്നും ഈ യുവാവ് വളരെ വൈകാരികമായ ശബ്ദത്തിൽ പറയുന്നു. കാമുകിയുടെ വിവാഹത്തിന് സ്ത്രീധനമായി നൽകിയ എസി ഉൾപ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ തന്റെ ഷോറൂമിൽ നിന്നാണ് വാങ്ങിയതെന്നും ഈ വീഡിയോയിൽ യുഗൽ പറയുന്നുണ്ട്.
അതേസമയം, ആളുകളിൽ സമ്മിശ്ര വികാരം ഉണ്ടാക്കിയ ഈ വീഡിയോ വളരെ പ്രൊഫഷണലായി ഷൂട്ട് ചെയ്യപ്പെട്ട ഒന്നാണെന്ന് ഫാക്ട്‌ചെക്കുകൾ പറയുന്നു. അറിയപ്പെടുന്ന ഒരു ബിഹാരി നടനും, സംവിധായകനും ആയ യുഗൽ കിഷോർ ഭാരതി എന്ന യുവാവിന് സ്വന്തം പേരിൽ ഫേസ്ബുക്കിലും, യൂട്യുബിലും, ഇൻസ്റ്റാഗ്രാമിലും പേജുകളുണ്ട്. ഇദ്ദേഹവും വിശ്വജിത് പ്രതാപ് സിങും ചേർന്ന് തുടങ്ങിയ ‘മഗധി ബോയ്‌സ്’ എന്ന ടീമും വളരെ പ്രസിദ്ധമാണ്.
ബിഹാറിലെ ജനങ്ങൾക്കുള്ള സർക്കാർ ജോലി ഭ്രമത്തെയാണ് താൻ പരിഹസിക്കാനായി ഷൂട്ട് ചെയ്ത് സ്പൂഫ് വീഡിയോ ആണിതെന്നും എങ്കിലും, തന്റെ കാമുകിയും ഇതുപോലെ സർക്കാർ ജോലി ഇല്ലെന്ന കാരണത്താൽ തന്നെ വിട്ട് പോയതാണെന്നും യുഗൽ പറയുന്നു.