മുംബൈ: റിപ്പബ്ലിക് ടിവി വീണ്ടും കുരുക്കിലേയ്ക്ക്. അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ എഡിറ്റോറിയല്‍ ടീമിനെതിരെ മുംബൈ പോലീസ് കേസെടുത്തു. ജാമ്യമില്ലാ പ്രകാരമാണ് ടീമിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുകയും സേനയിലെ അംഗങ്ങള്‍ക്കിടയില്‍ അസംതൃപ്തി സൃഷ്ടിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തുവെന്നതാണ് ടീമിനെതിരെയുള്ള കേസ്.
സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ശശികാന്ത് പവാര്‍ ആണ് പരാതി നല്‍കിയത്. പോലീസ് ആക്റ്റ് സെക്ഷന്‍ 3(1), ഐപിസി സെക്ഷന്‍ 500 അടക്കമുള്ളവ പ്രകാരമാണ് കേസ്. റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ചെയ്ത പ്രസ്താവനകളും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സാഗരിക മിത്ര, ആങ്കറും അസോസിയേറ്റ് എഡിറ്ററുമായ ശിവാനി ഗുപ്ത, ഡെപ്യൂട്ടി എഡിറ്റര്‍ ഷവാന്‍ സെന്‍, എക്സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന് നാരായണസ്വാമി, ന്യൂസ് റൂം ചുമതലയുള്ള എഡിറ്റോറിയല്‍ ജിവനക്കാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
മുംബൈ പോലീസിനെയും അതിന്റെ തലവന്‍ പരം ബിര്‍ സിംഗിനെയും മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് ചാനലും അതിലെ ജീവനക്കാരും വ്യാഴാഴ്ച ചില റിപ്പോര്‍ട്ടുകള്‍ സംപ്രേഷണം ചെയ്തതായി ശശികാന്ത് പവാര്‍ പരാതിയില്‍ ആരോപിക്കുന്നു.
Discussion about this post