ബെല്‍ഗാം: നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയത് 1.5 കിലോ സ്വര്‍ണ്ണം. കര്‍ണാടകത്തിലെ ബെല്‍ഗാമില്‍ കൃഷ്ണ നദിയിലൂടെ ഒഴുകി വന്ന മൃതദേഹത്തില്‍ നിന്നാണ് 1.5 കിലോ സ്വര്‍ണ്ണം ലഭിച്ചത്. അത്താനി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഒക്ടോബര്‍ നാലിനാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്.
അത്താനി താലൂക്കിലെ ആവരകൊണ്ട ഗ്രമത്തിന് അടുത്ത് നദിയിലാണ് മൃതദേഹം ആദ്യം കണ്ടത്. ഒഴുകി നടക്കുന്ന മൃതദേഹം നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൃതദേഹം പരിശോധിച്ചപ്പോഴാണ് ശരീരത്തോട് ചേര്‍ത്ത് കെട്ടിയ നിലയില്‍ 1.5 കിലോ ഗ്രാം സ്വര്‍ണ്ണക്കട്ടി കണ്ടെത്തിയത്.
മൃതദേഹത്തില്‍ പലഭാഗത്തായി മര്‍ദ്ദനത്തിന്റെ പാട് ഉണ്ട്. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം നദിയില്‍ ഉപേക്ഷിച്ചതാകാം എന്നാണ് പോലീസ് നിഗമനം. മൃതദേഹത്തില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം ഇയാളുടെ പേര് സാഗര്‍ പട്ടീല്‍ എന്നാണെന്നും. ഇയാള്‍ക്ക് 30 വയസാണ് എന്നും തിരിച്ചറിഞ്ഞു. ഇയാള്‍ മഹാരാഷ്ട്രയിലെ സംഗാലി ജില്ലക്കാരനാണ് എന്നുമാണ് രേഖകള്‍ പറയുന്നത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
Discussion about this post