വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മരിച്ച നിലയില്‍

പുതുച്ചേരി: നടന്‍ വിജയ് സേതുപതിയുടെ ആരാധക സംഘടനയിലെ അധികാരവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസത്തിന് പിന്നാലെ യുവാവ് മരിച്ച നിലയില്‍. പുതുച്ചേരി റെഡ്യാര്‍പാളയത്താണ് സംഭവം. വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് മണികണ്ഠനെന്ന 35കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്‍സെക്രട്ടറിയും സംഘവുമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു അധികാരം കൈമാറണമെന്ന് യുവാവിന് ഭീഷണിയുയര്‍ന്നിരുന്നു. എന്നാല്‍ മണികണ്ഠന്‍ ഇത് അവഗണിച്ചു. ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

വിജയ് സേതുപതിയുടെ ആരാധക കൂട്ടമായ ഫാന്‍സ് അസോസിയേഷന്റെ പുതുച്ചേരി ഘടകത്തില്‍ കുറേ നാളുകളായി അധികാരതര്‍ക്കം നിലനില്ക്കുന്നുണ്ട്. ഈയിടെയാണ് പെയിന്ററായ റെഡ്യയാര്‍പാളയം ഗോവിന്ദശാലയിലെ മണികണ്ഠനെന്ന 35കാരനെ പ്രസിഡന്റായി തിരഞ്ഞെടുത്ത്.

എന്നാല്‍ ഇത്, മുന്‍ സെക്രട്ടറി ആട്ടുപെട്ടി രാജശേഖരനും സംഘവും അംഗീകരിച്ചിരുന്നില്ല. മണികണ്ഠന്‍ സ്ഥാനമൊഴിയണമെന്ന് ബന്ധു കൂടിയായ രാജശേഖരന്‍ പലവട്ടം ആവശ്യപെട്ടിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ ഇരുവരുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നു. എന്നാല്‍ സ്ഥാനമൊഴിയാന്‍ മണികണ്ഠന്‍ തയാറായില്ല. ചര്ച്ച കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയതിന് പിന്നാലെയാണ് മുന്‍സെക്രട്ടറിയും സംഘവും മണികണ്ഠന്‌റെ ജീവനെടുത്തത്.

Exit mobile version