ന്യൂഡല്‍ഹി: കൊവിഡില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. യോഗയും നടത്തവും ശീലമാക്കണമെന്നാണ് നല്കുന്ന നിര്‍ദേശം. ഇതിനു പുറമെ, ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇവ പ്രതിരോധ ശേഷി കൂട്ടുമെന്നാണ് നിര്‍ദേശം.
കൊവിഡ് മുക്തി നേടിയാലും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം രംഗത്തെത്തിയത്. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്കുന്നു.
പുകവലി, ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അസുഖം മാറിയതിന് ശേഷവും മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുളള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ചൂടുവെളളം ആവശ്യത്തിന് കുടിക്കണമെന്നും വ്യക്തമാക്കുന്നു.
Discussion about this post