ന്യൂഡല്‍ഹി: സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് മുന്‍ സിബിഐ ഡയറക്ടര്‍ നാഗേശ്വര റാവു. കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശ്. കാലന് എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തെന്നും സ്വാമി അഗ്നിവേശിന്റെ മരണത്തെ അധിഷേപിച്ച് നാഗേശ്വര റാവു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നാഗേശ്വര റാവുവിന്റെ അധിക്ഷേപം.
”നിങ്ങള്‍ ഒരു കാഷായ വസ്ത്രധാരിയായ ഹിന്ദു വിരുദ്ധനാണ്. സിംഹ തോലണിഞ്ഞ ചെന്നായ, നിങ്ങള്‍ ഹിന്ദുമതത്തിന് വലിയ നാശനഷ്ടം വരുത്തി. തെലുങ്ക് ബ്രാഹ്മണനായി നിങ്ങള്‍ ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. കാലന് എന്തുകൊണ്ട് ഇത്രയും കാലം കാത്തിരുന്നതെന്ന് എന്നെ അതിശയപ്പെടുത്തുന്നു’ നാഗേശ്വര റാവു ട്വീറ്റ് ചെയ്തു.
”ക്രൂരന്മാര് മരിച്ച ദിവസങ്ങളെ ഞങ്ങള്‍ ഉത്സവങ്ങളായി ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ. കാരണം അവര്‍ സമൂഹത്തെ നശിപ്പിക്കുന്ന കീടങ്ങളാണ്, അവരുടെ മരണങ്ങള് ആഘോഷത്തിന് കാരണമാണ്. തിന്മയെ സംരക്ഷികരുത്” എന്നും ട്വീറ്റിന് താഴെ വന്ന വിമര്ശനങ്ങള്ക് മറുപടിയായി നാഗേശ്വര റാവു പറഞ്ഞു. അതേസമയം നാഗേശ്വര റാവുവിന്റെ ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
GOOD RIDDANCE @swamiagnivesh
You were an Anti-Hindu donning saffron clothes.
You did enormous damage to Hinduism.
I am ashamed that you were born as a Telugu Brahmin.
మేక వన్నె పులి
गोमुख व्याग्रं
Lion in sheep clothesMy grievance against Yamaraj is why did he wait this long! https://t.co/5g7oKL62pO
— M. Nageswara Rao IPS (@MNageswarRaoIPS) September 11, 2020
ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശ് (81) വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്തരിച്ചത്. കരള്‍ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ വീക്കത്തെ തുടര്‍ന്ന് ഡല്‍ഹി ലിവര്‍ ആന്റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അഗ്നിവേശ് ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശ്രമിച്ചെങ്കിലും അനാരോഗ്യം മൂലം നടത്താന്‍ കഴിഞ്ഞിരുന്നില്ല. അടിമവേല നിര്‍മാര്‍ജനം ചെയ്യാന്‍ പ്രസ്ഥാനം രൂപീകരിച്ച് പൊരുതുകയായിരുന്നു സ്വാമി അഗ്നിവേശ്. റൈറ്റ് ലൈവ്വിഹുഡ് ഉള്‍പ്പെടെ ഒട്ടേറെ ദേശീയ, രാജ്യാന്തരപുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. അഭിഭാഷകനും ഹരിയാനയില്‍ നിന്നുള്ള മുന്‍ എംഎല്‍എയും ആയിരുന്നു.
സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്‍ ഇടപെട്ടിരുന്ന അഗ്നിവേശിന് സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകള്‍ തുറന്നു പറഞ്ഞതിന് സമീപകാലത്ത് വ്യാപക അക്രമം നേരിട്ടിരുന്നു. ആര്യ സമാജം തത്വങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 1970ല്‍ ‘ആര്യ സഭ’ പാര്‍ട്ടി രൂപീകരിച്ചിരുന്നു.
ആന്ധ്ര ശ്രീകാകുളത്തെ ബ്രാഹ്മണ കുടുംബത്തില്‍ 1939 സെപ്റ്റംബര്‍ 21നാണ് അഗ്നിവേശ് ജനിച്ചത്. 1977ലെ തെരഞ്ഞെടുപ്പില്‍ ഹരിയാന നിയമസഭയിലേക്ക് ജയിച്ചു. ഭജന്‍ലാല്‍ മന്ത്രിസഭ രൂപവത്കരിച്ചപ്പോള്‍ അതില്‍ വിദ്യാഭ്യാസ മന്ത്രിയായി. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം രാജിവെയ്ക്കേണ്ടി വന്നു.
ഫരീദാബാദിലെ വ്യവസായനഗരത്തിനു വേണ്ടി സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ തുടങ്ങി. അതിന് എതിരെ നാട്ടുകാര്‍ സമരത്തിനിറങ്ങി. തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ പത്ത് പേര് മരിച്ചു. പിന്നാലെ സ്വന്തം ഗവണ്മെന്റിന്റെ പോലീസിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അഗ്നിവേശ് രംഗത്ത് വന്നു. തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നത്.
Discussion about this post