നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് ആശങ്ക; 19കാരന്‍ ജീവനൊടുക്കി

ചെന്നൈ: നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ആശങ്കയില്‍ 19കാരന്‍ ജീവനൊടുക്കി. തമിഴ്‌നാട്ടിലെ അരിയാലൂര്‍ സ്വദേശിയായ വിഘ്‌നേശാണ് ആത്മഹത്യ ചെയ്തത്. നേരത്തെ രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്ന വിദ്യാര്‍ത്ഥി പരീക്ഷസമ്മര്‍ദം മൂലം ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

അതേസമയം, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി നീറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വിഘ്‌നേശ് പത്തിലും പ്ലസ്ടുവിലും ഉയര്‍ന്ന മാര്‍ക്ക് നേടി പാസായ ആളാണ്. ഈ ഞായറാഴ്ച ദേശീയവ്യാപകമായി നീറ്റ് പരീക്ഷ നടത്താനാരിക്കേയാണ് വിഘ്‌നേശ് ജീവനൊടുക്കിയത്.

പുലര്‍ച്ചെ എഴുന്നേറ്റ് പഠിക്കാന്‍ ഇരിക്കുന്ന മകനെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീട്ടിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയെന്നാണ് വിഘ്‌നേശിന്റെ പിതാവ് പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version