ന്യൂഡല്‍ഹി; ബോളിവുഡ് നടന് സുശാന്ത് സിംഗിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറി. ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. സുശാന്ത് സിംഗ് മരിച്ച് 52 ദിവസം പിന്നിടുമ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.
കേസ് അന്വേഷണത്തെ ചൊല്ലി ബിഹാര്‍ മുംബൈ പോലീസിനിടയിലെ പോര് മുറുകുമ്പോഴാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. സുശാന്തിന്റെ അച്ഛന് പട്ന പോലീസില്‍ നല്കിയ പരാതിയിലുള്ള കേസ് സിബിഐക്ക് വിടാന്‍ ഇന്നലെയാണ് ബിഹാര്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ആവശ്യം കേന്ദ്രം അംഗീകരിച്ചെന്ന് വ്യക്തമാക്കിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും കോടതി പറഞ്ഞു. മുംബൈ പോലീസിന്റെ അന്വേഷണത്തിന് എതിരെ തുടക്കം മുതലേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കി സുശാന്തിന്റെ അച്ഛന് കഴിഞ്ഞ 28 ന് ബിഹാര്‍ പോലീസിനെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം വേണമെന്ന് സുബ്രഹ്മണ്യന് സ്വാമി ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബിഹാര്‍ നിയമസഭയും വിഷയം ചര്‍ച്ച ചെയ്തു. പിന്നാലെയാണ് നടപടി.
Discussion about this post