ന്യൂഡല്‍ഹി: പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. പുകവലിക്കുന്നതിലൂടെ കൈയ്യില്‍ നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം നല്കുന്ന മുന്നറിയിപ്പ്.
പുകയില ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധ വര്‍ധിപ്പിക്കാനും വൈറസ് ബാധിക്കാനും ഇടയാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊവിഡ് 19 മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
പുകവലിക്കുന്നവര്‍ക്ക് കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാനും വൈറസ് ബാധിച്ച് മരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ വൈറസ് പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും അതുകൊണ്ട് പുകയില ഉല്പന്നങ്ങള് ഉപേക്ഷിക്കാനും നിര്‍ദേശം നല്കുന്നു.
പുകവലിക്കുന്നതിലൂടെ വിരലുകളിലൂടെ ചുണ്ടിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. വാട്ടര്‍ പൈപ്പുകളോ ഹുക്കയോ ഉപയോഗിച്ചുള്ള പുക വലിയിലും ഈ സമ്പര്‍ക്ക സാധ്യതയുണ്ട്. ഇത് കൊവിഡിന്റെ പകര്ച്ചയിലേക്ക് നയിച്ചേക്കാം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
‘പുകവലി ശ്വാസകോശ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. അതുവഴി രോഗ പ്രതിരോധശേഷി കുറയുകയും വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യും. പുകവലി, ഇ സിഗരറ്റ്, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്പന്നങ്ങള് ശ്വാസകോശ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വര്‍ധിപ്പിക്കും’, റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post