ന്യൂഡല്‍ഹി: മഴയും മഞ്ഞും കനക്കുന്നതോടെ വൈറസ് വ്യാപനം രൂക്ഷമാവുമെന്ന് പഠനം. ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധരാണ് ഈ പഠനം നടത്തിയിരിക്കുന്നത്. അതേസമയം ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസ് വ്യാപനം കുറയുമെന്നും ഇവരുടെ പഠന റിപ്പോര്‍ട്ടിലുണ്ട്.
മഴക്കാലം ആകുന്നതോടെ അന്തരീക്ഷ താപനില കുറയുകയും നനവ് നിലനില്‍ക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇത് വൈറസിന് പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ അനൂകൂല സാഹചര്യമുണ്ടാക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
‘ഞങ്ങള്‍ നിശ്ചിതകാലത്തെ കൊവിഡ് കേസുകളുടെ എണ്ണമാണ് പ്രധാനമായും പഠനത്തിന് പരിഗണിച്ചത്. സീസണ്‍ മാറുന്നതിന് അനുസരിച്ച് ഏത് വിധത്തിലാണ് രോഗവ്യാപനം മാറുന്നതെന്നും താപനിലയും രോഗകാരിയും തമ്മിലുള്ള ബന്ധം എങ്ങനെയാണെന്നുമാണ് ഞങ്ങള്‍ പരിശോധിച്ചത്. അത്തരത്തില്‍ പഠനം നടത്തിയപ്പോഴാണ് ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസ് ബാധിതരുടെ എണ്ണം കുറയുന്നതായാണ് ഞങ്ങള്‍ കണ്ടെത്തിയത്’ എന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ വേലു വിനോജ് വ്യക്തമാക്കിയത്.
ഏപ്രിലിനും ജൂണിനും ഇടയ്ക്ക് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇവര്‍ പഠനം നടത്തിയിരിക്കുന്നത്.