ചണ്ഡീഗഡ്: ഒരു ദിവസത്തില്‍ 76.61 കിലോ പാല് നല്കി ദേശീയ റെക്കോര്‍ഡ് നേട്ടത്തില്‍ തിളങ്ങി നില്‍ക്കുകയാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിങ്ങിന്റെ ‘ജോഗന്’ എന്ന പശു. ലോകത്തിലെ തന്നെ ഏറ്റവുമധികം പാലുല്പാദിപ്പിക്കുന്ന ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ (എച്ച്എഫ്) ഇനത്തിന്റെ സങ്കരമാണ് ജോഗന്. സങ്കര ഇനം പശുക്കളുടെ പാലുല്പാദനത്തില് ഇത് റെക്കോര്‍ഡാണെന്ന് നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍ഡിആര്‍ഐ) ഗവേഷകര്‍ പറയുന്നു.
പഞ്ചാബില്‍ നിന്നുള്ള 72 കിലോഗ്രാമും കര്ണാലില്നിന്നുള്ള 65 കിലോഗ്രാമുമായിരുന്നു ആദ്യത്തെ റെക്കോര്‍ഡുകള്‍. ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് നേട്ടത്തിന് അര്‍ഹമായത്.
നേരത്തെ 2014ലെ ആദ്യ പ്രസവത്തില്‍ 42 കിലോഗ്രാം, രണ്ടും മൂന്നും പ്രസവങ്ങളില്‍ യഥാക്രമം 54 കിലോഗ്രാം, 62 കിലോഗ്രാം എന്നിങ്ങനെയായിരുന്നു പാലുല്പാദനം. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത ബീജമാണ് ജോഗന്റെ പിറവിക്ക് കാരണം. ബല്‍ദേവ് സിങ്ങിന്റെ ഡെയറി ഫാമിലെ റാണിയാണ് ജോഗന്. ഒട്ടേറെ പുരസ്കാരങ്ങളും ജോഗന് നേടിയിട്ടുണ്ട്.
Discussion about this post