സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കര്‍ണാടക എംഎല്‍എ; കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ പിപിഇ കിറ്റ് ധരിക്കാതെ പങ്കെടുത്ത് യുടി ഖാദര്‍

മംഗളൂരു: കൊവിഡ് ബാധിച്ച മരിച്ചയാളുടെ സംസ്‌കാര ചടങ്ങില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക എംഎല്‍എ. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദര്‍ പിപിഇ കിറ്റ് ധരിക്കാതെയാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

ചൊവ്വാഴ്ച മരിച്ച എഴുപതുകാരന്റെ കബറടക്കത്തിലാണ് ബോളാര്‍ ജുമാമസ്ജിദില്‍ ഖാദര്‍ പിപിഇ കിറ്റ് ധരിക്കാതെ പങ്കെടുത്തത്. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിട്ടുനില്‍ക്കുമ്പോഴായിരുന്നു എംഎല്‍എയുടെ നിയമ ലംഘനം. എംഎല്‍എയെ തടയാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ ന്യായീകരണവുമായി ഖാദര്‍ രംഗത്തെത്തി. ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എ നല്‍കിയിരിക്കുന്ന വിശദീകരണം. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് കൊണ്ട് ആര്‍ക്കും കൊവിഡ് ബാധിക്കില്ല. പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങില്‍ അതുകൊണ്ട് എല്ലാവരും പങ്കെടുക്കണമെന്നാണ് എംഎല്‍എയുടെ വാദം.

Exit mobile version