ന്യൂഡല്‍ഹി: പനി, ജലദോഷം, ചുമ എന്നിവ മാത്രമല്ല രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കോവിഡ് ലക്ഷണമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മന്ത്രാലയം ശനിയാഴ്ച പുറത്തിറിക്കിയ പുതുക്കിയ ക്ലിനിക്കല്‍ മാനേജ്മെന്റ് പ്രോട്ടോക്കോളില്‍ രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കോവിഡ് ലക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പൊതുവേ പനി, ജലദോഷം, ചുമ, തളര്‍ച്ച, ശ്വാസതടസ്സം, കഫം, പേശീവേദന, തൊണ്ടവേദന, വയറിളക്കം എന്നിവയായിരുന്നു കോവിഡിന്റെ ലക്ഷണം. എന്നാല്‍ രുചിയും ഗന്ധവും അറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ കണ്ടെത്തി.
പ്രതിരോധ ശേഷ കുറഞ്ഞവരെയും 60 വയസ്സിനു മുകളിലുള്ളവരെയുമാണ് കോവിഡ് ഗുരുതരമായി ബാധിക്കുക. കൂടാതെ പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, ഗുരുതരമായ ശ്വാസകോശ രോഗം, വൃക്കരോഗം, അര്‍ബുദം എന്നിവയുള്ളവരെയും പെട്ടെന്ന് ബാധിക്കും.
അതേസമയം, പ്രതിരോധ വാക്സിന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെന്നും ചില മരുന്നുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു. ഹൈഡ്രോക്സിക്ലോറോക്വീന് പുറമേ റെംഡെസിവിര്‍, ടോസിലിസുമാബ്, പ്ലാസ്മ തെറാപ്പി തുടങ്ങിയവ നിബന്ധനകളോടെ പ്രത്യേകസാഹചര്യത്തില്‍ ഉപയോഗിക്കാമെന്നും പ്രോട്ടോക്കോളില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം മരണസംഖ്യയും കുതിച്ചുയരുകയാണ്. മൂന്നുലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനോടകം രോഗം ബാധിച്ചിരിക്കുന്നത്.
Discussion about this post