ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം ജൂണ്‍ മൂന്നിന് തന്നെ ഡല്‍ഹിയില്‍ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍. ഓക്സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25 ഓടെ നിറയുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍.
ജൂണ്‍ എട്ട് മുതല്‍ മഹാരാഷ്ട്രയിലും ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27 ആവുന്നതോടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയുമെന്നാണ് വിലയിരുത്തല്‍.
അതേസമയം ഹരിയാന, കര്‍ണാടക, ജമ്മു കാശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളോട് കൂടി അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post