മുംബൈ: ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു. പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പൂനെയിലെ പിമ്പിള്‍ സൗദാഗറിലാണ് സംഭവം. ഇരുപതുകാരനായ വിരാജ് വിലാസ് ജഗ്താപ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ജൂണ്‍ 7ന് രാത്രിയാണ് സംഭവം നടന്നത്.
സംഭവ ദിവസം ബൈക്കില്‍ വരുകയായിരുന്ന വിരാജിനെ ടെംമ്പോയില്‍ എത്തിയ പ്രതികള്‍ പിന്തുടര്ന്നു. പിന്നീട് ഇരുമ്പുവടി ഉപയോഗിച്ച് വിരാജിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാള്‍ ഇരുമ്പുദണ്ഡു കൊണ്ടും ബാക്കിയുള്ളവര്‍ കല്ല് ഉപയോഗിച്ചും വിരാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം യുവാവിനെ വഴിവക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതുവഴി വന്ന നാട്ടുകാര്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ വിരാജ് മരണപ്പെടുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് വിരാജിന്റെ അമ്മാവന് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പിന്നാലെ പെണ്‍കുട്ടിയുടെ പിതാവ് ജഹ്ദീഷ് കാട്ടെ, പ്രായപൂര്‍ത്തിയാകാത്ത രണ്ട് യുവാക്കളും ഉള്‍പ്പടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post