അണുനശീകരണത്തിന് എന്ന വ്യാജേന എത്തി; എടിഎമ്മിൽ നിന്ന് 8.2 ലക്ഷം കവർന്നു; കള്ളനാണെന്ന് അറിയാതെ കാവൽ നിന്ന് സെക്യൂരിറ്റി ജീവനക്കാരും ഇടപാടുകാരും

ചെന്നൈ: എടിഎം അണുവിമുക്തമാക്കാനാണെന്ന വ്യാജേന എത്തി എടിഎം തുറന്ന് ലക്ഷങ്ങൾ കവർന്ന് കള്ളൻ സ്ഥലം കാലിയാക്കി. തമിഴ്‌നാട് എംഎംഡിഎ ഈസ്റ്റ് മെയിൻ റോഡിലെ ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം നടന്നത്. ഇയാൾ എടിഎമ്മിൽനിന്ന് 8.2 ലക്ഷം രൂപ കവർന്നെന്ന് പിന്നീട് പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞദിവസമാണ് മോഷണം നടന്നത്.

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നഗരത്തിൽ പലയിടത്തും ശുചീകരണ തൊഴിലാളികൾ അണുനശീകരണ പ്രവൃത്തികൾ നടത്തുന്നുണ്ട്. അതുകൊണ്ടാണ് ശുചീകരണ തൊഴിലാളിയെന്ന വ്യാജേന എത്തിയ കള്ളനെ ആരും തിരിച്ചറിയാതെ പോയതും. ഓട്ടോറിക്ഷയിൽ അണുനശീകരണത്തിനുള്ള ഉപകരണങ്ങളും ബാഗുമായും എത്തിയ ആൾ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അകത്തുകയറിയത്.

അണുനശീകരണം നടത്താനായതിനാൽ സുരക്ഷാ ജീവനക്കാരൻ കൗണ്ടറിൽനിന്ന് പുറത്തേക്കിറങ്ങി. ഇതിനിടെ ചില ഇടപാടുകാർ എടിഎമ്മിൽ എത്തിയെങ്കിലും അകത്തുള്ളത് ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് പുറത്ത് കാത്തുനിന്നു.

എടിഎമ്മിലുണ്ടായിരുന്ന ആൾ മെഷീനിലെ ചെസ്റ്റ് തുറക്കാൻ ശ്രമിക്കുന്നത് ഒരു ഇടപാടുകാരൻ കണ്ടിരുന്നെങ്കിലും, പുറത്ത് സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നതിനാൽ മോഷണശ്രമമാണെന്ന് വിചാരിച്ചതുമില്ല. പത്തു മിനിറ്റിന് ശേഷം ബാഗും അണുനശീകരണ ഉപകരണവുമായി മോഷ്ടാവ് പുറത്തിറങ്ങി തിരക്കിട്ട് നടന്നു പോവുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ ഒരു ഇടപാടുകാരന് സംശയം തോന്നിയതോടെ സുരക്ഷാ ജീവനക്കാരനെ വിവരമറിയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരൻ മോഷ്ടാവിനെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബാങ്ക് മാനേജർ എടിഎം പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി സ്ഥിരീകരിച്ചത്. മെഷീനുള്ളിലെ ചെസ്റ്റ് തുറന്നാണ് 8.2 ലക്ഷം രൂപ കവർന്നത്. താക്കോലും പാസ് വേർഡും ഉപയോഗിച്ചാണ് എടിഎം ചെസ്റ്റ് തുറന്നിരിക്കുന്നത് എന്നത് വ്യക്തമായതിനാൽ ബാങ്കുമായി ബന്ധപ്പെട്ട ആർക്കോ കൃത്യത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version