മുംബൈ: മുംബൈയില്‍ കുടുങ്ങിക്കിടന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലെത്താന്‍ പ്രത്യേക വിമാന സൗകര്യമൊരുക്കി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന. ബെംഗളൂരു കേന്ദ്രമായ നിയമ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ നാഷണല്‍ ലോ സ്കൂള്‍ അലുംനി അസോസിയേഷനാണ് തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ വിമാനം വാടകയ്ക്ക് എടുത്ത് നല്‍കിയത്. മുംബൈയില്‍ കുടുങ്ങിക്കിടന്ന ജാര്‍ഖണ്ഡ് സ്വദേശികള്‍ക്കാണ് നാട്ടിലേത്തുന്നതിന് സംഘടന വിമാന സൗകര്യമൊരുക്കിയത്.
165 കുടിയേറ്റ തൊഴിലാളികളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തിനാണ് വിമാന സൗകര്യം ഏര്‍പ്പെടുത്തിയത്. മുംബൈയില്‍ നിന്ന് രാവിലെ 6.25ന് പുറപ്പെട്ട വിമാനം 8.25ന് റാഞ്ചിയിലെത്തി. റാഞ്ചി ബിര്‍സ മുണ്ട വിമാനത്താവളത്തിലെത്തിയ തൊഴിലാളികളെ തെര്‍മല്‍ സ്കാനിങ്ങിന് വിധേയമാക്കി ക്വാറന്റൈന് കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചു. വിമാത്താവളം അധികൃതര്‍ ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്തു.
തൊഴിലാളികള്‍ക്ക് നാട്ടിലെത്താനായി വിമാനം വാടകക്കെടുത്ത് നല്കിയ സംഘടനയുടെ നടപടിയെ മുഖ്യമന്ത്രി ഹേമന്ത് സോറന് അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. തങ്ങളെ വീട്ടിലെത്തിച്ച സംഘടനയോട് തൊഴിലാളികളും നന്ദി അറിയിച്ചു.180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 എയര്‍ ഏഷ്യ വിമാനമാണ് നാഷണല്‍ ലോ സ്കൂള്‍ അലുംനി അസോസിയേഷന് വാടകക്കെടുത്തത്.
ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെയാണ് വിമാന സര്‍വീസിന് ഇവര്‍ പണം സ്വരൂപിച്ചത്.
കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കുവേണ്ടി ഇത്രയെങ്കിലും ചെയ്യാനായതില്‍ അഭിമാനമുണ്ടെന്ന് ദൗത്യത്തിന് നേതൃത്വം നല്കിയ സംഘടനയുടെ ഭാരവാഹി ഷെയ്ല്‍ ട്രെഹാന്‍ പറഞ്ഞു. നിരവധി പേരുടെ പിന്തുണയും സഹായവും കൊണ്ടാണ് ഇക്കാര്യം സാധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ വിമാനം ചാര്‍ട്ട് ചെയ്യുന്നത് രാജ്യത്ത് ആദ്യ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post