മൊഹാലി: ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൊഹാലിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം രണ്ടാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവിച്ചത്. ഇതിനിടെ ആശുപത്രിയില്‍ വെച്ച് രണ്ടു തവണ അദ്ദേഹത്തിന് ഹൃദയാഘാതവും കഴിഞ്ഞ ദിവസം തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായി.
ബല്‍ബിര്‍ സിങ് സീനിയര്‍ ഇന്ത്യക്കായി മൂന്ന് ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയ താരമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തെരഞ്ഞെടുത്ത പതിനാറ് ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഏക താരമാണ് ബല്‍ബിര്‍.
ഒളിമ്പിക്സ് പുരുഷ ഹോക്കി ഫൈനലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം കൂടിയാണ് താരം. 1957ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്കി ആദരിച്ചിരുന്നു.
Discussion about this post